പ്രയാഗ്: ഒരുമിച്ച് ജീവിക്കാൻ പറ്റാത്തതുകൊണ്ട് ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചതിന് ശേഷം കാമുകൻ ചതിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. 32 വയസ്സുകാരിയായ യുവതിയും 30കാരനായ യുവാവും തമ്മിലുള്ള പ്രണയമാണ് ഒടുവിൽ വധശ്രമക്കേസിൽ എത്തി നിൽക്കുന്നത്. യുവതിയാണ് ജുൻസി സ്വദേശിയായ ചന്തു എന്ന കാമുകന് എതിരെ കേസ് നൽകിയത്. യുപിയിലെ പ്രയാഗിലാണ് സംഭവം.

നേരത്തെ വിവാഹതിരായ ഇരുവരും കണ്ടുമുട്ടുകയും തമ്മിൽ പ്രണയത്തിലാവുകയുമായിരുന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്. യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്.

മകളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തിയത്.പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടി എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല. വെള്ളത്തിൽ വീണശേഷമാണ് കാമുകന്റെ ചതി യുവതി തിരിച്ചറിയുന്നത്. അയാൾ പാലത്തിൽ തന്നെ നിന്ന് തിരിച്ചുപോയി.

നീന്തൽ അറിയാവുന്നതുകൊണ്ട് ഇവർ നീന്തി കരപറ്റി. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലും എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മെയ് 29നായിരുന്നു സംഭവം.

അന്വേഷണം നടത്തി. യുവാവിന് എതിരെ കേസ് എടുത്തതായി പ്രയാഗ് സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. വധശ്രമം, യുവതിയുടെ ഫോൺ കേടുവരുത്തി തുടങ്ങിയ കുറ്റങ്ങളാണ് യുവാവിന് എതിരെ ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

യുവതിയും ചന്തുവും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനുള്ള തീരുമാനത്തിലായിരുന്നു. അതിനിടെ, യുവതി മകളുമൊത്ത് പൂണെയിൽ പോയ സമയത്ത് ചന്തു ആരുമറിയാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. യുവതി തിരിച്ചെത്തിയപ്പോൾ ഇക്കാര്യം അറിഞ്ഞു. അതോടെ തല്ലും വഴക്കുമായി. തുടർന്ന് ഭാര്യയെ വിവാഹ മോചനം നടത്തി യുവതിയെ കല്യാണം കഴിക്കാമെന്ന് ചന്തു മടിയോടെ ഉറപ്പുനൽകി.

എങ്കിലും കാര്യങ്ങളൊന്നും മുന്നോട്ടു പോവാതായതോടെ അടി മൂർച്ഛിച്ചു. തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ മകളെ വീട്ടിൽവെച്ച് യുവതി യമുനാ പാലത്തിലെത്തി. ചന്തുവും ഒപ്പമുണ്ടായിരുന്നു. തുടർന്ന്, യുവതി ആദ്യം നദിയിലേക്ക് ചാടി. എന്നാൽ, ചന്തു ചാടിയില്ല. നന്നായി നീന്താൻ അറിയുന്ന യുവതി കഷ്ടപ്പെട്ട് മറുകരയിലേക്ക് നീന്തി. അവിടെവെച്ച് പൊലീസ് ഇവരെ ആശുപത്രിയിലാക്കുകയായിരുന്നു.