- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടെല്ലിന് പരിക്കേറ്റ് ദുരിതത്തിലായ തൊഴിലാളിക്ക് നവയുഗം ചികിത്സസഹായം നൽകി നാട്ടിലേക്കയച്ചു
ദമ്മാം: ജോലിക്കിടയിൽ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായ മലയാളിയായ തൊഴിലാളിക്ക് നവയുഗം സാംസ്കാരികവേദിയുടെ സഹായഹസ്തം.
തിരുവനന്തപുരം സ്വദേശിയായ പീറ്റർ ആറു മാസം മുൻപാണ് ദമ്മാമിൽ കൊദറിയയിലുള്ള ഒരു വർക്ക്ഷോപ്പിൽ ജോലിക്ക് എത്തിയത്. നാലുമാസം കഴിഞ്ഞപ്പോൾ, ജോലിസ്ഥലത്ത് വെച്ചുണ്ടായ നിർഭാഗ്യകരമായ ഒരു അപകടത്തിൽപ്പെട്ട് പീറ്ററിന്റെ നട്ടെലിന് പരിക്ക് പറ്റി. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും, പരിക്ക് ഭേദമാകാത്തതിനാൽ നടക്കാൻ കഴിയാതെ, ഒന്നര മാസത്തോളം ജോലിക്ക് പോകാൻ കഴിയാതെ റൂമിൽ കഴിയേണ്ടി വന്നു.
ഭാര്യയും, രണ്ടു പെൺമക്കളും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായ പീറ്റർ കിടപ്പിലായതോടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥയും മോശമായി.
രോഗം അല്പം ഭേദമായി, ചെറുതായി നടക്കാൻ കഴിയുന്ന അവസ്ഥ ആയപ്പോൾ, തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാൻ ഡോക്ടർമാർ ഉപദേശിച്ചെങ്കിലും, അതിനുള്ള സാമ്പത്തികം പീറ്ററിന് ഉണ്ടായിരുന്നില്ല.
പീറ്ററുടെ അവസ്ഥ സുഹൃത്തായ വർഗ്ഗീസ് ആണ് നവയുഗം കേന്ദ്രകമ്മിറ്റി അംഗം വിനീഷിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്ന് വിനീഷിന്റെ നേതൃത്വത്തിൽ നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി പീറ്ററിന്റെ ചികിത്സയ്ക്കായി സഹായധനം സമാഹരിക്കുകയായിരുന്നു. നവയുഗം ദമ്മാം ദല്ല മേഖല ചുമതലക്കാരനായ നിസ്സാം കൊല്ലവും സഹായിച്ചു. പീറ്ററിന് പോകാനുള്ള വിമാനടിക്കറ്റും നവയുഗം കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി നൽകി.
കൊദറിയ ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവയുഗം ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ചികിത്സ സഹായധനവും, വിമാനടിക്കറ്റും പീറ്ററിന് കൈമാറി.
എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് പീറ്റർ നാട്ടിലേയ്ക്ക് മടങ്ങി.