സ്വന്തം നിഴലിനെപോലും ഭയപ്പെടുന്ന മുഖ്യമന്ത്രിയാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം. വി.ഗോപകുമാർഅദ്ദേഹത്തിന് ജനങ്ങളെ ഭയമാണ്, മാധ്യമങ്ങളെ ഭയമാണ്, കറുപ്പിനെ ഭയമാണ് , എന്തിന് പൊലീസിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. ഭയപ്പാടുകൊണ്ട് മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്നത് മാനസിക വിഭ്രാന്തി വന്നവരെപോലെയാണ്. മടിയിൽ കനമില്ലാത്തവൻ വഴിയിൽ പേടിക്കേണ്ട എന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് ഭയപ്പെടുന്നതിന്റെ കാരണം കേരളത്തിലെ ജനങ്ങൾക്കറിയാം. മുഖ്യമന്ത്രിയുടെ മാത്രം മടിക്കല്ല കനം കൂടിയത്, കുടുംബാംഗങ്ങളുടെയും സിപിഎം ഉന്നത നേതാക്കളുടെയും മടിയുടെ കനം കൂടിയത് എങ്ങനെയെന്ന് ജനങ്ങൾക്കറിയാം.

കേരള രാഷ്ട്രീയത്തിൽ കയ്യും വീശി വന്ന ദരിദ്ര കുടുംബത്തിലെ അംഗമായ പിണറായി വിജയന്റെ ഇന്നത്തെ ആസ്തി വെളിപ്പെടുത്തണം, മകൾ ബാംഗ്ലൂരിൽ തുടങ്ങിയ 200 കോടിയുടെ ബിസിനസ്സ് സംരംഭവും, മകന്റെ ഗൾഫിലെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉറവിടവും വ്യക്തമാക്കാൻ മുഖ്യൻ തയ്യാറാകണം.

സ്വർണ്ണക്കടത്തിൽ പിണറായി വിജയൻ രാജിവെച്ച് അന്വേഷണത്തെ നേരിടണം എന്നാവശ്യപ്പെട്ട് ജില്ലയിൽ എമ്പാടും കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കറുപ്പ് വസ്ത്രം അണിഞ്ഞു നടന്ന പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എല്ലാ ബൂത്തുകളിലും ഇന്ന് മുഖ്യമന്ത്രിയുടെ കോലം കത്തിക്കും.

ജില്ലാ ജനറൽ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം വി. ശ്രീജിത്ത്, മണ്ഡലം പ്രസിഡണ്ട്മാരായ കണ്ണൻ തിരുവമ്പാടി, സജി. പി.ദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, സുമേഷ്, കൗൺസിലർ മനു ഉപേന്ദ്രൻ മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, രമേശൻ, ശരത് പ്രകാശ് , ആശാ ലാൽജി, ആദർശ് മുരളി,ആശ ബാബു, സുചിത്ര എന്നിവർ സംസാരിച്ചു.