സിയോൾ: ലോകത്തെ സംഗീത പ്രേമികളെ കരയിച്ച് പാതിയിൽ മുറിഞ്ഞ പാട്ടായി ബിടിഎസ്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബാൻഡായ ദക്ഷണികൊറിയയിലെ ബിടിഎസ് സംഗീത ലോകത്ത് നിന്ന് ദീർഘകാല ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചു.ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു.

ബാൻഡിന്റെ തുടക്ക കാലത്ത് അവർ ഒരുമിച്ച് താമസിച്ചിരുന്ന പഴയ വീട്ടിലാണ് അത്താഴം ഒരുക്കിയിരുന്നത്.വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈവ് വന്നപ്പോൾ പുതിയ സന്തോഷവാർത്തായാണ് ആരാധാകർ പ്രതീക്ഷിച്ചത്.എന്നാൽ വീടിന്റെ കരാർ അവസാനിച്ചുവെന്നും ഒരോരുത്തരായി ഇനി ചെയ്യാൻ പോകുന്ന ജോലിയെക്കുറിച്ചുമാണ് ഇവർ വെളിപ്പെടുത്തിയത്.ബാൻഡ് അംഗങ്ങളായ ജിൻ, ജിമിൻ, ആർഎം, ജെ-ഹോപ്പ്, സുഗ, വി, ജങ്കൂക്ക് എന്നിവർ ഒരുമിച്ചാണ് വിവരം പങ്കുവെച്ചത്.

ഒരു മണിക്കൂർ നീണ്ട സംഭാഷണത്തിൽ ബാൻഡ് അംഗങ്ങൾ അവരുടെ പഴയകാല ഓർമ്മകൾ പങ്കുവച്ചു.വീടിന്റെ കരാർ അവസാനിച്ചു. അതിനാൽ അവിടെ ഇരുന്ന് ചില പഴയ നല്ല ഓർമ്മകളെക്കുറിച്ച് സംസാരിക്കാൻ അവസാനമായി അവർ ഒത്തുകൂടുകയായിരുന്നു. ''ഏഴ് ആൺകുട്ടികൾ ഒരുമിച്ച് താമസിക്കുന്നത് അത്ര എളുപ്പമല്ല. പിരിഞ്ഞ്് താമസിക്കാൻ തുടങ്ങിയത് മുതൽ ഞങ്ങൾ കൂടുതൽ അടുക്കാൻ തുടങ്ങിയതായി'' കിം താഹ്യുങ് അഥവാ വി പറഞ്ഞു.

'വരികൾ എഴുതുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എന്ത് സന്ദേശമാണ് ഞങ്ങൾ നൽകേണ്ടത്? ഇനി ഒന്നും എഴുതാനില്ല.' എന്നായിരുന്നു മിൻ യോങ്കിയുടെ പ്രതികരണം.ടീം ലീഡർ എന്ന നിലയിലും ഒരു അംഗമെന്ന നിലയിലും തന്റെ ദിശാബോധം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നംജൂൺ (ആർഎം) വിവരിക്കാൻ തുടങ്ങി. ''ഏതുതരം സംഗീതമാണ് ഞങ്ങൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത്? ഞങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്? തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടതുണ്ട്. ഞങ്ങൾ ഈ ഇടവേള വളരെ മുമ്പേ എടുക്കേണ്ടതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു' ആർഎം വ്യക്തമാക്കുന്നു.

തങ്ങളുടെ ശബ്ദവും ദിശാബോധവും വീണ്ടെടുക്കാൻ ഒരു ഇടവേള ആവശ്യമാണെന്നാണ് ബാൻഡിന്റെ തീരുമാനം. എന്നാൽ വ്യക്തിഗത പ്രൊജക്ടുകളിൽ ഓരോരുത്തരും പ്രവർത്തിക്കും. ഒരു ബാൻഡ് എന്ന നിലയിൽ ബിടിഎസ് ഒരു ഇടവേളയിലായിരിക്കുമ്പോഴും, എല്ലാ അംഗങ്ങളും ഈ സമയത്ത് അവരുടെ വ്യക്തിഗത സംഗീതം പുറത്തിറക്കുമെന്നും അറിയിച്ചു. ജിമിൻ, ജെ-ഹോപ്പ്, ആർഎം തുടങ്ങിയവർ ഈ പ്രഖ്യാപനത്തിന് ശേഷം കണ്ണുനീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.


ആരാണ് ബിടിഎസ്..എന്താണ് അവരുടെ സവിശേഷത

2010ൽ ബിഗ് ഹിറ്റ്‌സ് എന്റർടെയ്ന്മെന്റ് എന്ന കമ്പനിയാണ് ബിടിഎസ് ബാൻഡ് രൂപീകരിച്ചത്.ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്‌കൗട്ട്‌സ് എന്നാണ് ബിടിഎസിന്റെ പൂർണ്ണരൂപം.തെരുവിൽ നൃത്തം ചെയ്തവർ, അണ്ടർഗ്രൗണ്ട് റാപ്പർമാർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്നൊക്കെ ഓഡിഷൻ വഴിയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ആർഎം, ഷുഗ, ജെ ഹോപ്, വി, ജംഗൂക്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. 2013ൽ ഏഴംഗ സംഘം ആദ്യമായി കാണികൾക്കു മുന്നിലെത്തി. '2 kool 4 skool' എന്ന ആൽബത്തിലെ 'No more dream' എന്ന പാട്ടുമായായിരുന്നു അരങ്ങേറ്റം.

ഈ ആൺപടയുടെ തുടക്കം അത്ര സുഖകരമായിരുന്നില്ല. ഏഴുപേരും തങ്ങളുടെ കൈവശമുള്ള ചെറിയ തുക പങ്കിട്ടെടുത്താണ് സെറ്റും അഭിനേതാക്കളെയുമൊക്കെ സംഘടിപ്പിച്ചിരുന്നത്. പലപ്പോഴായി പല തഴയപ്പെടലുകളും തരംതാഴ്‌ത്തുകളും നേരിടേണ്ടി വന്നു സംഘത്തിന്. മേക്ക് അപ്പ് ഇടുന്നില്ല എന്നു പോലും വിമർശനങ്ങളുയർന്നു.അവതരിപ്പിച്ച പല പരിപാടികളും വെട്ടിച്ചുരുക്കി സംപ്രേഷണം ചെയ്തു. ചിലത് സംപ്രേഷണം ചെയ്യുകപോലുമുണ്ടായില്ല.

അനുകരണം മാത്രമെന്ന് പറഞ്ഞും വിമർശനങ്ങളുയർന്നു.പ്രതിസന്ധികളിൽ വീഴാതെ മുന്നോട്ടു നീങ്ങാൻ തീരുമാനിച്ച ബാൻഡിനെ തടയാൻ Break Wings എന്ന പ്രത്യേക പ്രൊജക്ട് പോലും തുടങ്ങുകയുണ്ടായി. എന്നാൽ വീണ്ടും പോരടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയായിരുന്നു ബിടിഎസ് ലോകത്തിനു മറുപടി നൽകിയത്. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് ലോകം ബിടിഎസിന്റെ ആരാധകരായി മാറുകയായിരുന്നു. മുഖം തിരിച്ചവരൊക്കെ പിന്നീട് ആകാംക്ഷയോടെ ബാൻഡിനു നേരെ തന്നെ നോക്കിയിരുന്ന കാഴ്‌ച്ചയാണ് പിന്നീട് ലോകം കണ്ടത്.


താൽക്കാലിക ഷെഡിലെ റെക്കോർഡിങ്ങ് അനുഭവങ്ങൾ

ഏതൊരു ബാന്റിനെയും പോലെ ഈ രംഗത്തെ മത്സരത്തിനൊപ്പം സാമ്പത്തീക ഞെരുക്കവും ഈ ഏഴംഗസംഘത്തിന് തുടക്കത്തിൽ നൽകിയ തിരിച്ചടി ചെറുതല്ല. കരിയറിന്റെ തുടക്കത്തിൽ ദക്ഷിണ കൊറിയയിലെ തിങ്ങി നിറഞ്ഞ ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്നത്. നല്ലൊരു സ്റ്റുഡിയോയിൽ ഗാനം റെക്കോർഡ് ചെയ്യാനുള്ള സാമ്പത്തികമില്ലാത്തത്തിനാൽ താൽക്കാലിക ഷെഡ്ഡിൽ റെക്കോർഡിങ് നടത്തേണ്ടി വന്നിട്ടുണ്ട് ബാൻഡിന്.

പ്രതിസന്ധികളിൽ വീഴാതെ കഠിനാധ്വാനത്തിലൂടെ ലോകത്തെ പാട്ടിലാക്കിയതോടെ സംഘത്തിന്റെ ജീവിതം അടിമുടി മാറി. രാജ്യ തലസ്ഥാനമായ സിയോളിലെ ആഡംബര വസതിയിലേക്കു താമസം മാറ്റി. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നർ താമസിക്കുന്നയിടത്തായി പിന്നീടുള്ള ജീവിതം.അക്ഷരാർഥത്തിൽ കുടിലിൽ നിന്നും കൊട്ടാരത്തിലേയ്ക്ക്. സുഖത്തിലും ദുഃഖത്തിലും ഒരുമയോടെ അവർ കഴിഞ്ഞു. തുടക്കത്തിലുണ്ടായിരുന്ന ആത്മബന്ധമാണ് ഇതുവരെ ആ ഏഴുപേരെ ഒരുമിച്ചു നിർത്തിയത്.

ബിടിഎസ് ഇന്ത്യയെ കീഴടക്കിയത് എങ്ങിനെ

ലോകത്ത് നേരെത്തെ തന്നെ നിരവധി ആരാധകരും പ്രചാരവും ഉണ്ടായിരുന്നെങ്കിലും നമ്മുടെ രാജ്യത്ത് ഈ ബാന്റ് പ്രചാരത്തിലെത്തിയത് കോവിഡ് മഹാമാരിക്കാലത്താണ്.2020ൽ കോവിഡ് എന്ന മഹാമാരി ലോകത്തു പിടിമുറുക്കിത്തുടങ്ങിയപ്പോൾ അതേൽപ്പിച്ച ശാരീരിക മാനസിക അസ്വതതകളിൽ നിന്നും നമ്മുടെ കൗമാരക്കാരെയും യുവാക്കളെയും ഒരുപരിധി വരെ രക്ഷിച്ചത് 'ആ കൊറിയൻ പിള്ളേരുടെ' പാട്ടുകളാണ്. അന്നു മുതലാണ് ബിടിഎസ് എന്ന മൂന്നക്ഷരത്തിന് ഇന്ത്യയിൽ പ്രചാരമേറിത്തുടങ്ങിയത്. അവരുടെ പാട്ടുകൾ കണ്ടും കേട്ടും ലോക്ഡൗൺ കാലം കൗമാരപ്പട ആഘോഷമാക്കി.

കോവിഡിന്റെ പിടിയിൽ വരിഞ്ഞു മുറുകിയ ലോകത്തിനു മുന്നിലേയ്ക്ക് ബിടിഎസ് തങ്ങളുടെ 'Dynamite' ആൽബം എത്തിച്ചു. സർവകാല റെക്കോഡുകളെയും ഭേദിച്ചുകൊണ്ട് പാട്ട് 24 മണിക്കൂർകൊണ്ട് 100 മില്യൺ കാഴ്ചക്കാരെ നേടി. പാട്ട് പുറത്തിറങ്ങുന്നതും കാത്ത് ഇന്റർനെറ്റിൽ തൽസമയം കാത്തിരുന്നത് ദശലക്ഷക്കണക്കിന് ആരാധകരാണ്. ഭാഷയൊന്നും അവിടെയൊരു പ്രശ്‌നമേ ആയില്ല. സ്ഥിരമായി ബിടിഎസ് പാട്ടുകൾ കേട്ട് കേട്ട് അവരുടെ ഒരു പാട്ടില്ലാതെ ദിവസം അപൂർണമാകുന്ന അവസ്ഥയിലേയ്‌ക്കെത്തി മധ്യവസ്‌കർക്കു പോലും.

കൊറിയയിലെ തെരുവിൽ പാട്ടും പാടി നടന്ന ബിടിഎസ് വൻ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം തരംഗമായി. ഈ കെ പോപ് മാനിയ ഭാഷാ, സംസ്‌കാര വ്യതിയാനങ്ങളെയും കോവിഡ് കാലത്തെയും അതിജീവിച്ചു കൊണ്ടു പടർന്നു കയറിയത് ലോകത്തെ തന്നെ അമ്പരപ്പിച്ചതാണ്.

തിരികെ വരുമെന്ന് പ്രഖ്യാപനം..പക്ഷെ..

തങ്ങൾ അനിവാര്യമായ ഇടവേളയാണ് എടുക്കുന്നതെന്നും കുറച്ചുകൂടി മികച്ച സംഗീതവുമായി തിരിച്ചുവരുമെന്ന് അംഗങ്ങൾ പറയുമ്പോഴും ലോകത്തെമ്പാടുമുള്ള ആരാധാകരെ ആശ്വസിപ്പിക്കാൻ ഇതൊന്നും പോരാതെ വരികയാണ്.അത്രമേൽ ഹൃദയഭേദകമാണ് ഈ വേർപിരിയിൽ ഇങ്ങനെ ഒരു ദിനം ഒരിക്കലും ആരും ചിന്തിച്ചില്ലെന്നത് തന്നെ സത്യം.

ആഗ്രഹങ്ങൾ പലതും ഉപേക്ഷിച്ചാണ് ആ ഏഴുപേർ ദീർഘകാലത്തെ ഇടവേളയെടുക്കുന്നത്. ഗ്രാമിയിൽ മുത്തമിടാനായില്ല എന്നതുതന്നെയാണ് അതിൽ പ്രധാനം. രണ്ടു തവണ നാമനിർദ്ദേശം ലഭിച്ചിട്ടും നിരാശയായിരുന്നു സംഘത്തെ കാത്തിരുന്നത്. ഇത്തവണ മികച്ച ഗ്രൂപ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കായിരുന്നു ബിടിഎസിനു നാമനിർദ്ദേശം ലഭിച്ചത്. സംഘത്തിന്റെ 'ബട്ടർ' ആണ് പരിഗണിക്കപ്പെട്ടത്. എന്നാൽ ഈ വിഭാഗത്തിൽ ദോജാ ക്യാറ്റ്, സ്സ എന്നിവരുടെ 'കിസ് മി മോർ' പുരസ്‌കാരം സ്വന്തമാക്കിയതോടെ പ്രതീക്ഷകൾ പൊലിഞ്ഞു.

കഴിഞ്ഞ വർഷവും ബിടിഎസിനു ഗ്രാമി നാമനിർദ്ദേശം ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ 'ഡയനാമൈറ്റ്' മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

പിരിയുന്നത് സൈനീക സേവനത്തിനോ?

പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം.ഇതിനായാണ് ബിടിഎസും ഇടവേളയെടുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.എന്നാൽ ഇത് സംബന്ധിച്ച്
ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

എന്നാൽ സൈനിക സേവനത്തിനായി അംഗങ്ങൾ പോയിട്ടുള്ള ബാൻഡുകളെല്ലാം പിന്നീട് തകർന്നു പോയ ചരിത്രമാണുള്ളത്. അതുകൂടി ചേർത്തു വായിക്കുമ്പോൾ ബിടിഎസ് ഇനി മടങ്ങിവരുമെന്നു പ്രതീക്ഷിക്കാനാകില്ലെന്നാണ് ആരാധകർ വേദനയോടെ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്.

ലോകമെമ്പാടുമുള്ള ആരാധകരുടെ അനുഗ്രഹവും പ്രാർത്ഥനയും യാചിച്ചുകൊണ്ടാണ് ബിടിഎസ് ചർച്ച അവസാനിപ്പിച്ചത്. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഘത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരുന്ന ആരാധകവൃന്ദത്തിനു പുതിയ വാർത്ത അംഗീകരിക്കാനാകുന്നില്ല. കണ്ണീരോടെയാണ് പലരും പ്രഖ്യാപനങ്ങളോടു പ്രതികരിച്ചത്.

പുതിയ അധ്യായം

ബിടിഎസ് അംഗങ്ങൾ സോളോ പ്രോജക്ടുകൾ പലപ്പോഴായി ചെയ്തിട്ടുണ്ട്. കൊറിയൻ സിനിമയിലും ഡ്രാമയിലും ഉൾപ്പെടെ സംഗീത രംഗത്തും അഭിനയരംഗത്തും വരെ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ഇത്തവണ ഷുഗയുടെ നിർമ്മാണത്തിൽ മുൻകാല കെപോപ് താരമായ 'സൈ' ദാറ്റ് ദാറ്റ് എന്ന പാട്ടിലൂടെ തിരിച്ചുവരവു നടത്തി. സുഗ ഇതിൽ പാടുകയും ഇരുവരും ചേർന്നുള്ള മ്യൂസിക് ആൽബം ഒരുക്കുകയും ചെയ്തിരുന്നു.

ബിടിഎസിന്റെ ഇടവേള പ്രഖ്യാപനത്തിനു ശേഷം ആദ്യത്തെ സോളോ പെർഫോമൻസ് നടത്തുക ബാൻഡ് ലീഡ് ഡാൻസറും റാപ്പറുമായ ജെ ഹോപ് ആകുമെന്നുറപ്പായി. ജൂലൈയിൽ നടക്കുന്ന ലോകത്തിലെ തന്നെ പ്രധാന മ്യൂസിക് ഫെസ്റ്റിവലായ ലോലാപാലൂസയിൽ ജെ ഹോപ് പങ്കെടുക്കും. ഇതിൽ പങ്കെടുക്കുന്ന ആദ്യ കൊറിയൻ പോപ് താരം കൂടിയാകും ജെ ഹോപ്. ബിടിഎസിലെ മറ്റുതാരങ്ങളുടെ പുതിയ പദ്ധതികൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഒരു മറുപടിയും പ്രതീക്ഷിക്കാത്ത കത്ത് എഴുതിയാണ് ലോകം തങ്ങളുടെ പ്രിയപ്പെട്ട ബാൻഡിന് വിടനൽകുന്നത്..അ കത്തിൽ അവർ ഇങ്ങനെ കുറിക്കുന്നു.''പ്രിയപ്പെട്ട ഒപ്പ, സ്വയം സ്‌നേഹിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി.സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും ഇക്കഴിഞ്ഞ വർഷങ്ങളിൽ ,എനിക്കു സന്തോഷവും പ്രതീക്ഷയും നൽകിയതു നിങ്ങളാണ്''.