കൊച്ചി: ചർച്ചിൽ ബ്രദേഴ്സ് താരം ബ്രൈസ് മിറാൻഡ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. 2026 വരെ ക്ലബിൽ തുടരുന്നതിന് മൾട്ടി ഇയർ കരാറാണ് താരവുമായി ഒപ്പുവച്ചതെന്ന് ബ്ലാസ്റ്റേഴ്സ് അധികൃതർ അറിയിച്ചു. എന്നാൽ കരാർ തുക ക്ലബ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

മുംബയ് എഫ്സിയിൽ നിന്നാണ് മിറാൻഡ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അണ്ടർ 18 വരെയുള്ള എല്ലാ വിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ൽ എഫ്.സി ഗോവയുടെ ഡെവലപ്മെന്റൽ ടീമിൽ ചേരുന്നതിന് മുമ്പ് യൂണിയൻ ബാങ്ക് എഫ്.സിക്കായി കളിച്ചു. ഒരു വർഷത്തിനുശേഷം ഇൻകം ടാക്സ് എഫ്സിയിൽ ചേർന്നു.

2020ൽ ഗോവൻ ഐ ലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്സുമായി ബ്രൈസ് കരാർ ഒപ്പിട്ടു. ക്ലബിനായി 33 മത്സരങ്ങൾ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളിൽ ഗോവൻ ടീമിന്റെ അവിഭാജ്യ ഘടകമായി.

ഐ ലീഗിലെ ശ്രദ്ധേയ പ്രകടനങ്ങൾ ബ്രൈസിന് യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അണ്ടർ 23 ദേശീയ ടീമിലേക്ക് വിളിയെത്തുന്നതിനും കാരണമായി. പ്രീസീസണിന്റെ തുടക്കത്തിൽ ബ്രൈസ് കൊച്ചിയിൽ സഹതാരങ്ങൾക്കൊപ്പം ചേരും.