ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന പാക്കിസ്ഥാനിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ജനങ്ങൾ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി ആസൂത്രണ വിഭാഗം മന്ത്രി രംഗത്തെത്തി.

'ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. രാജ്യത്തെ വിദേശ വിനിമയ റിസർവ് താഴ്ന്ന നിലയിലാണ്. തേയില ഇറക്കുമതി ചെയ്യാൻ പണം കടം വാങ്ങേണ്ട സ്ഥിതിയാണ്. ജനങ്ങൾ ഒന്ന്-രണ്ട് കപ്പ് ചായ കുറയ്ക്കണമെന്നാണ് അഭ്യർത്ഥന'- ആസൂത്രണ വിഭാഗം മന്ത്രി അഹ്‌സാൻ ഇഖ്ബാൽ പറഞ്ഞു.

202122 സാമ്പത്തിക വർഷം പാക്കിസ്ഥാനിലെ ജനങ്ങൾ 400 ദശലക്ഷം യുഎസ് ഡോളർ തുകയ്ക്കുള്ള ചായ കുടിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 1300 കോടി രൂപയാണു തേയില ഇറക്കുമതി ചെയ്യാൻ ഈ സാമ്പത്തികവർഷം പാക്കിസ്ഥാൻ ചെലവഴിച്ചത്. ഇത് കുറയ്ക്കുന്നതിനാണ് മന്ത്രി ശ്രമിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. എന്നാൽ മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ജനം ഉന്നയിക്കുന്നത്. ഇത്തരമൊരു നടപടിയുടെ ഭാഗമാവാനില്ലെന്ന് പലരും ട്വീറ്റ് ചെയ്തു.

നിലവിൽ രൂക്ഷമായ സാമ്പത്തിക തളർച്ച നേരിടുന്ന ശ്രീലങ്കയ്ക്ക് സമാനമായ സ്ഥിതി രാജ്യത്തെ തേടിയെത്തിയേക്കാമെന്ന് പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മിഫ്ത്താ ഇസ്മയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, രാജ്യത്തെ ചന്തകൾ രാത്രി 8.30നു അടയ്ക്കാൻ മന്ത്രി നിർദേശിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി.