മസ്‌കറ്റ്: ഒമാനിൽ മലിനജല കുഴിയിൽ വീണ് ആൺകുട്ടി മരിച്ചു. വടക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കുട്ടി എങ്ങനെയാണ് കുഴിയിൽ വീണതെന്നോ എത്രസമയം അതിൽ കിടന്നെന്നോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ല.

സുവൈഖിലെ ഒരു വീട്ടിലെ മലിനജല കുഴിയിൽ കുട്ടി വീണെന്ന റിപ്പോർട്ട് ലഭിച്ച ഉടൻ വടക്കൻ അൽ ബത്തിന ഗവർണറേറ്റിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി അറിയിച്ചു. രക്ഷാപ്രവർത്തക സംഘം കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. കുട്ടികളെ ശ്രദ്ധിക്കണമെന്നും വീട്ടിലെ മലിനജല കുഴികൾ മൂടി വെക്കണമെന്നും അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.