പ്രയാഗരാജ്: പ്രയാഗരാജ് കലാപത്തിലെ പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രയാഗരാജ് പൊലീസ്. സമൂഹമാധ്യമങ്ങളിലും പ്രതികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കലാപത്തിൽ പങ്കെടുത്തവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് പൊലീസ് സൂപ്രണ്ട് അജയ് കുമാർ പറഞ്ഞു.

പ്രവാചക നിന്ദ ആരോപിച്ചാണ് ജൂൺ പത്തിന് പ്രയാഗരാജിൽ കലാപം നടന്നത്. അക്രമികൾ വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ പോസ്റ്ററുകളിൽ പതിപ്പിക്കും. ഇതുവഴി അക്രമികളെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

പ്രതിഷേധത്തിന്റെ സൂത്രധാരൻ അഹമ്മദ് അനധികൃതമായി നിർമ്മിച്ച ഇരുനില കെട്ടിടം കഴിഞ്ഞ ദിവസം പൊലീസും ജില്ലാഭരണക്കൂടവും ചേർന്ന് തകർത്തിരുന്നു. വെള്ളിയാഴ്ച ദിവസം പ്രദേശത്ത് വീണ്ടും കലാപമുണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ ശക്തമായ സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. കലാപശ്രമമോ ആക്രമണമോ ഉണ്ടായാൽ ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.