ന്യൂഡൽഹി: വാഹന ഗതാഗത നിയമം ലംഘിച്ചതിന് വരന് രണ്ടുലക്ഷം രൂപ പിഴയിട്ട് പൊലീസ്. വിവാഹ ഘോഷയാത്രയ്ക്കിടെ, കൂട്ടുകാർക്കൊപ്പം തുറന്ന കാറിന്റെ മുകളിൽ നിന്ന് ഡാൻസ് ചെയ്യുകയും സെൽഫി എടുക്കുകയും ചെയ്തതിനാണ് പിഴയിട്ടത്. ആഡംബര വാഹനമായ ഓഡി കാർ അടക്കമുള്ള വാഹനങ്ങളിലാണ് നിയമം ലംഘിച്ചുള്ള യാത്ര.

ഉത്തർപ്രദേശ് മുസഫർനഗറിലെ ദേശീയ പാതയിലാണ് സംഭവം. ഘോഷയാത്രയ്ക്കിടെ കൈകൾ ഉയർത്തിയും ഡാൻസ് കളിച്ചും സെൽഫിയെടുത്തും വരനും കൂട്ടുകാരും ഹർഷാരവം മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഘോഷയാത്രയിൽ പങ്കെടുത്ത ഒൻപത് വാഹനങ്ങൾ പിടിച്ചെടുത്തു. രണ്ടുലക്ഷം രൂപ പിഴയായി അടയ്ക്കാൻ വരനോട് പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.