ന്യൂഡൽഹി: ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഏഴ് വർഷത്തിന് ശേഷം ആദ്യ അറസ്റ്റ്. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

എന്നാൽ സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നാണ് കരുതപ്പെടുന്നത്. മുഖ്യപ്രതിയെ സഹായിച്ചത് കല്യാണി സിങ് ആണെന്നാണ് സൂചന. സിബിഐ കല്യാണിയെ ചോദ്യം ചെയ്യും. നാല് ദിവസമാണ് റിമാൻഡ് കാലാവധി.

2015 സെപ്റ്റംബർ 20നാണ് കോർപ്പറേറ്റ് അഭിഭാഷകനും ദേശീയ ഷൂട്ടിങ്ങ് താരവുമായ സുഖ്മാൻ സിങ്ങ് സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ നിലയിൽ ഛണ്ഡീഗഢിലെ പാർക്കിൽ കണ്ടെത്തിയത്. 2001ലെ ദേശീയ ഗെയിംസിൽ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വർണം നേടിക്കെടുത്ത താരമാണ് സിദ്ധു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്എസ് സിദ്ധുവിന്റെ ചെറുമകൻ കൂടിയാണ് കൊല്ലപ്പെട്ട സിപ്പി സിദ്ധു.

2016ലാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. കൊലപാതകിക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടെന്ന സൂചന കേസന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സിബിഐ പ്രഖ്യാപിച്ചെങ്കിലും 2020 വരെ പ്രതിയെക്കുറിച്ചോ കൂട്ടാളിയായ സ്ത്രീയെ കുറിച്ചോ ഉള്ള സൂചനകളൊന്നും സിബിഐക്ക് ലഭിച്ചിരുന്നില്ല.

ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. തുടരന്വേഷണത്തിന് കൂടുതൽ സമയവും സിബിഐ തേടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കല്ല്യാണി സിങ്ങിന്റെ പങ്ക് സിബിഐ കണ്ടെത്തിയത്.

കല്ല്യാണിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.