മയക്കമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ നടനും ഡിജെയുമായ സിദ്ധാന്ത് കപൂർ വീണ്ടും വിവാദത്തിൽ. മയക്കു മരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നാട്ടിലേക്ക് തിരിച്ചുപോകവേ വിമാനത്തിൽ വെച്ചെടുത്ത ഒരു ചിത്രമാണ് സിദ്ധാന്തിനെ വാർത്തകളിൽ നിറയ്ക്കുന്നത്. ഒരു പെൺകുട്ടിക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ചിത്രം പോസ്റ്റ് ചെയ്ത് തൊട്ടു പിന്നാലെ തന്നെ താരം ആ പോസ്റ്റ് മുക്കുകയും ചെയ്തു.

എന്നാൽ താരം ചിത്രം പോസ്റ്റ് ചെയ്തപ്പോൾ തന്നെ പലരും ഇത് കോപ്പി ചെയ്തു. ഈ ചിത്രമിപ്പോൾ പല സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപിക്കുകയാണ്. മാസ്‌കുപയോഗിച്ച് മുഖം മറച്ച നിലയിലാണ് ചിത്രത്തിൽ ഇരുവരും. ഹാർട്ട്, കൂപ്പിയ കൈ, ഈവിൾ-ഐ തുടങ്ങിയ ഇമോജികളും ചിത്രത്തിൽ കാണാം. അറസ്റ്റിന് ശേഷം സിദ്ധാന്ത് ആദ്യമായി ചെയ്ത സാമൂഹിക മാധ്യമ പോസ്റ്റായിരുന്നു ഇത്. എന്നാൽ നിമിഷ നേരം കൊണ്ട് താരം തന്നെ ആ പോസ്റ്റഅ ഡിലീറ്റ് ചെയ്യുക ആയിരുന്നു.

രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നടനും സിനിമാപ്രവർത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാർട്ടിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിൽ സിദ്ധാന്ത് അടക്കം ആറുപേർ ലഹരിമരുന്ന് ഉപയോഗിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.