തിരുവനന്തപുരം: നഗരമധ്യത്തിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദനം. പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ജെ ഡാനിയലിനാണ് മർദനമേറ്റത്. മർദ്ദനമേറ്റ് അവശനിലയിലായ ഡാനിയൽ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികളാണ് അക്രമം നടത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്‌കൂളിന് സമൂപത്തുള്ള സ്റ്റോപ്പിൽ ബസ് ഇറങ്ങുമ്പോൾ സ്റ്റോപ്പിൽ കാത്തുനിന്നിരുന്ന ഒരു സംഘം വിദ്യാർത്ഥികൾ ഡാനിയലിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഡാനിയലിന്റെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം, തന്റെ സഹപാഠികളിലൊരാളാണ് മർദനത്തിന് നേതൃത്വം നൽകിയതെന്നാണ് ഡാനിയൽ പറയുന്നത്. ഡാനിയലിനൊപ്പമുണ്ടായിരുന്ന സുഹൃത്തുമായി പ്രതികൾക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ഇതിനെ തുടന്നാണ് തന്നെ ആക്രമിച്ചതെന്നും ഡാനിയൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഡാനിയലിന് തലയ്ക്കും കൈയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.