- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക പീഡന പരാതിയിലെ അശ്ലീല പരാമർശങ്ങൾ; എഫ്ഐആർ അശ്ലീല സാഹിത്യത്തിന് സമാനമല്ല; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഹാപൂർ സ്വദേശിനി നൽകിയ ഗാർഹിക പീഡന പരാതിയിലെ അശ്ലീല പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. ഭർത്താവും ഭാര്യാപിതാവും ഭർതൃസഹോദരനും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയെന്നുമാണ് യുവതിയുടെ പരാതി. എന്നാൽ പരാതിയിലെ പദപ്രയോഗങ്ങളെ ന്യായികരിക്കാനാകില്ലെന്നും എഫ്ഐആർ അശ്ലീല സാഹിത്യത്തിന് സമാനമല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് രാഹുൽ ചതുർവേദിയുടെ വിമർശനം.
ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കോടതി ഒഴിവാക്കി. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പലപ്പോഴും പരാതികൾ പലമടങ്ങ് പെരുപ്പിച്ച് കാണിക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.
'അന്വേഷണ വേളയിൽ പോലും എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നതാണ് രസകരമായ വസ്തുത. ഈ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തി അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഒഴിവാക്കുന്നു', ജസ്റ്റിസ് ചതുർവേദി പറഞ്ഞു. കേസുകളിൽ പരാതിക്കാർ ഉപയോഗിക്കുന്ന ഭാഷയിൽ കോടതി ശക്തമായ അതൃപ്തി രേഖപ്പെടുത്തി. എഫ്‌ഐആറിന്റെ ഭാഷ മാന്യമായിരിക്കണമെന്നും പരാതിക്കാരി നേരിട്ട അതിക്രമങ്ങളൊന്നും അവരുടെ അത്തരം പദപ്രയോഗങ്ങളെ ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ പരാതിയിൽ കൊലപാതകശ്രമം,ക്രിമിനൽ ഗൂഢാലോചന,സ്വമേധയാ മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ പിൽഖുവ പൊലീസ് കേസെടുത്തത്. ഭർതൃമാതാവിന്റെ പേരും എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്. ഭർതൃസഹോദരൻ തന്നെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഭർതൃപിതാവ് ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
ഇതിനോടൊപ്പം ഭർത്താവ് പ്രകൃതിവിരുദ്ധവും നിർബന്ധിതവുമായ ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഗർഭച്ഛിദ്രത്തിന് ഭർതൃമാതാവും സഹോദരിയും സമ്മർദ്ദം ചെലുത്തി. സ്ത്രീധനത്തെ ചൊല്ലി മിക്കപ്പോഴും മർദ്ദിച്ചിരുന്നതായും അപമാനിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കീഴ്‌ക്കോടതിയിൽ വിചാരണ നടന്നിരുന്നു. തുടർന്ന് യുവതിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സെഷൻസ് കോടതി കണ്ടെത്തി. ഇതിൽ യുവതിയുടെ ഭർത്താവ് ഒഴികെയുള്ളവരുടെ വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയിലെത്തുകയായിരുന്നു.
കേസിലെ ഹർജികൾ തള്ളിയ ഹൈക്കോടതി മൂന്ന് വിഷയങ്ങളിൽ പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 498 എ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം സാവകാശമായ രണ്ട് മാസത്തെ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ആരെയും അറസ്റ്റ് ചെയ്യരുതെന്നാണ് ഒരു നിർദ്ദേശം.
ഈ രണ്ട് മാസ കാലയളവിനുള്ളിൽ, വൈവാഹിക തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിന് വിഷയം കുടുംബക്ഷേമ സമിതിക്ക് ഉടൻ കൈമാറണം. അതേസമയം, 10 വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന ഐപിസിയുടെ 498 എ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും കാര്യത്തിലുള്ള വിവാഹ തർക്കങ്ങൾ മാത്രമേ ഫാമിലി വെൽഫെയർ കമ്മിറ്റിക്ക് റഫർ ചെയ്യാവൂയെന്നും കോടതി പറഞ്ഞിട്ടുണ്ട്.