വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്‌കാരത്തിനൊരുങ്ങുകയാണ് വിക്ടോറിയയും ന്യൂസൗത്ത് വെയ്ൽസും. ഇതിനായി സംസ്ഥാനം സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. സ്‌കൂളിൽ ചേരുന്നതിന് മുമ്പു തന്നെ കുട്ടികൾക്ക് ഒരു വർഷത്തെ സൗജന്യ പ്രീസ്‌കൂൾ ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം.

നാലു മുതൽ അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സ്‌കൂൾ പ്രവേശനത്തിന് മുമ്പ് ഒരു വർഷത്തെ പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകുമെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസും, NSW പ്രീമിയർ ഡൊമിനിക് പെരോറ്റയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

കളികളും മറ്റ് വിനോദങ്ങളും അടിസ്ഥാനമാക്കിയുള്ള പഠനമായിരിക്കും പ്രീസ്‌കൂൾ കാലത്തുണ്ടാകുക.എല്ലാ കുട്ടികൾക്കും ആഴ്ചയിൽ അഞ്ചു ദിവസവും സൗജന്യമായി പ്രീ സ്‌കൂൾ പഠനം ലഭ്യമാക്കും.ന്യൂ സൗത്ത് വെയിൽസിൽ 2030മുതലാണ് ഇത് നടപ്പാക്കി തുടങ്ങുക.വിക്ടോറിയയിൽ 2025 മുതൽ നടപ്പാക്കാനാണ് പദ്ധതിയെന്ന് സർക്കാർ അറിയിച്ചു.

നിലവിൽ് ന്യൂ സൗത്ത് വെയിൽസിൽ അഞ്ചു വയസാകുമ്പോഴാണ് കുട്ടികൾക്ക് പ്രീസ്‌കൂൾ പ്രവേശനം ലഭിക്കുന്നത്. വിക്ടോറിയയിൽ അഞ്ചു വയസിൽ പ്രെപ് പ്രവേശനം ലഭിക്കും.ഇതിന് മുമ്പുള്ള ഒരു വർഷമായിരിക്കും പുതിയ പ്രീസ്‌കൂൾ പദ്ധതി.

നിലവിൽ വിക്ടോറിയയിൽ നാലു വയസുള്ള കുട്ടികൾക്ക് കിൻഡർഗാർട്ടനും, ന്യൂ സൗത്ത് വെയിൽസിൽ പ്രീസ്‌കൂളുമുണ്ട്. ഇതിന് സർക്കാർ സബ്സിഡി നൽകുന്നുണ്ടെങ്കിലും, ആഴ്ചയിൽ പരമാവധി 15 മണിക്കൂർ മാത്രമാണ് ലഭിക്കുക.അതിനു പകരും, ആഴ്ചയിൽ അഞ്ചു ദിവസവും പൂർണമായം സൗജന്യമായി പ്രീസ്‌കൂൾ വിദ്യാഭ്യാസം നൽകാനാണ് പദ്ധതി.ഇതോടെ ഒരു വർഷത്തെ ചൈൽഡ് കെയർ ഫീസ് ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും.