ബ്രോൺസ് (ന്യുയോർക്ക്) : ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് ഓഫീസർ അരിയാന റിസ് ഗോമസ് (31) ജൂൺ 13 തിങ്കളാഴ്ച താമസിച്ചിരുന്ന അപ്പാർട്ട്മെന്റിനകത്തു കുത്തേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടു . കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .

രാവിലെ 9 ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അപ്പാർട്ട്മെന്റിൽ എത്തിയത് . പരിശോധനയിൽ പൊലീസ് ഓഫീസർ അരിയാന ശരീരത്തിൽ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തി . പ്രാഥമിക ചികിത്സ നൽകിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അരിയാന മരിച്ചതായി പൊലീസ് അറിയിച്ചു .

അരിയാനയെ കുത്തി എന്ന് പറയപ്പെടുന്ന ഇവരുടെ മുൻ ഭർത്താവ് അർജനിസ് ബേസ് (34) അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങിയതായും ബ്രോൺസ് പൊലീസ് അറിയിച്ചു .

ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും തർക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു മൂന്നു വയസ്സുള്ള ഇവരുടെ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല . ഒരിക്കൽ പോലും ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും തർക്കിക്കുന്ന ശബ്ദം കേട്ടിരുന്നില്ലെന്നും പൊലീസിനെ വിളിച്ചിട്ടില്ല എന്നും ന്യുയോർക്ക് പൊലീസ് പറഞ്ഞു . മരിച്ച പൊലീസ് ഓഫീസർക്ക് 2019 ൽ ധീരതയ്കുള്ള അവാർഡ് ലഭിച്ചിരുന്നു . ധീരതയും ചുമതലാ ബോധവുമുള്ള ഓഫീസറെയാണ് തങ്ങൾക്ക് നഷ്ട്ടപെട്ടിരിക്കുന്നതെന്ന് ന്യുയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകർ പറഞ്ഞു .