ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ മലയാളിതാരം എച്ച് എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ. ഹോങ്കോംഗ് താരം ആഗ്നസ് ലോംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് പ്രണോയ് ക്വാർട്ടറിലെത്തിയത്. സ്‌കോർ 21-11, 21-18. മത്സരത്തിൽ ഒരിക്കൽ പോലും ലോംഗിന്, പ്രണോയിയെ വെല്ലുവിളിക്കാനായില്ല. അതേസമയം, സമീർ വർമ ക്വാർട്ടർ കാണാതെ പുറത്തായി.

ആദ്യ ഗെയിമിൽ 11-3 മുന്നിലെത്തിയ പ്രണോയ്. പിന്നീട് എട്ട് പോയിന്റ് മാത്രമാണ് വഴങ്ങിയത്. രണ്ടാം ഗെയിമിൽ പ്രണോയ് ആധിപത്യം തുടർന്നു. ഒരുഘട്ടത്തിൽ 6-7ന് ലോംഗ് മുന്നിലെത്തിയെങ്കിലും താരം വിട്ടുകൊടുത്തില്ല. രണ്ടാം ഗെയിമിന്റെ പാതിവഴിയിൽ പ്രണോയ് 11-9ന് മുന്നിലെത്തി. പ്രേണോയ് 20-16ന് ലീഡ് ചെയ്തു നിൽക്കെ ലോംഗ് രണ്ട് പോയിന്റെടുത്ത് 20-18ലെത്തിച്ചു. എന്നാൽ മൂന്നാം ഗെയിമിന് നിൽക്കാതെ തന്നെ പ്രണോയ് വിജയം നേടി.

നേരത്തെ, ഇന്ത്യയുടെ തന്നെ ലക്ഷ്യ സെന്നിനെ തോൽപിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലെത്തിയത്. അഞ്ചാം സീഡ് മലേഷ്യയുടെ ലീ സീ ജിയയാണ് രണ്ടാം റൗണ്ടിൽ സമീർ വർമയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സമീർ തോറ്റത്. സ്‌കോർ 10-21, 13-21. ജിയക്കെതിരെ ഏഴ് മത്സരങ്ങളിൽ അഞ്ച് തവണയും സമീർ തോൽക്കുകയായിരുന്നു. 43 മിനിറ്റുകൾക്കിടെ മത്സരം പൂർത്തിയായി.

വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ- എൻ സിക്കി റെഡ്ഡി സഖ്യവും പുറത്തായി. ടോപ് സീഡ് ചെൻ ക്വിങ് ചെൻ- ജിയ യി ഫാൻ സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം തോൽപ്പിച്ചത്.