മീ ടു ആരോപണത്തിൽ വീണ്ടും പൊട്ടിത്തെറിച്ച് വിനായകൻ. വാർത്താസമ്മേളനത്തിനിടെയാണ് മീടു ആരോപണവുമായി ബന്ധപ്പെട്ട് വിനായകൻ മാധ്യമപ്രവർത്തകരുമായി കലഹിച്ചത്. ശാരീരികമോ മാനസികമോ ആയ പീഡന ശ്രമമാണ് മീ ടുവെന്നും തനിക്കെതിരെ മീ ടു ആരോപണം ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും വിനായകൻ ചോദിച്ചു. മാനസികവും ശാരീരികവുമായ ഉപദ്രവമാണ് മീ ടു. അത് വലിയ കുറ്റകൃത്യമാണ്. താൻ ആരേയും ആ രീതിയിൽ ഉപദ്രവിച്ചിട്ടില്ലെന്നും തനിക്ക് ഉണ്ടായത് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം മാത്രമാണെന്നും വിനായകൻ പറഞ്ഞു.

എന്താണ് മീ ടു, ശാരീരികവും മാനസികവുമായ പീഡനം, അല്ലേ? തമാശ കളിക്കുകയാണോ വിനായകനോട് ? ഞാൻ ചോദിച്ചതിനുള്ള ഉത്തരം നിങ്ങൾ അന്ന് പറഞ്ഞില്ല. ഇനി എന്റെ മുകളിലേക്കാണ് നിങ്ങൾ മീ ടു ആരോപിക്കുന്നതെങ്കിൽ അതിനുത്തരം പറയാനാണ് ഞാൻ അന്ന് ചോദിച്ചത്. എന്താണ് മീ ടു. ശാരീരികവും മാനസികവുമായ പീഡനം നിങ്ങൾ പറയുന്ന മീ ടു ആണെങ്കിൽ ഞാൻ അത് ചെയ്തിട്ടില്ല. ഞാൻ ചെയ്തിട്ടുള്ളത് പത്തും പതിനഞ്ചും പെണ്ണുങ്ങളുമായി ശാരീരിക ബന്ധം പുലർത്തിയിട്ടുണ്ട് എന്നതാണ്. അത് ഞാൻ റോഡിൽ ചെന്നിരുന്ന് രാവിലെ നോട്ടിസ് കൊടുത്തു വിളിക്കുന്നതല്ല. ഞാൻ പറഞ്ഞത് മനസ്സിലായോ? നിങ്ങൾ ആരോപിച്ച മീടൂ ഇതാണെങ്കിൽ ഞാൻ അത് ചെയ്തിട്ടില്ല.''വിനായകൻ പറഞ്ഞു.

''പീഡനം അല്ലെങ്കിൽ പീഡന ശ്രമം എന്നാണു മീ ടുവിനെ ഇന്ത്യയിൽ പറയുന്നത്. ശാരീരികമോ മാനസികമോ ആയ പീഡന ശ്രമമാണ് മീ ടു എന്ന് പറയുന്നത്. ഇന്ത്യയിലെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. ഇത്രയും വലിയ കുറ്റകൃത്യമാണ് മീ ടു എന്ന വാക്കുകൊണ്ട് ലളിതമാക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യം നിങ്ങൾ വളരെ ലളിതമായി തട്ടിക്കളയുകയാണോ, അവരെ പിടിച്ചു ജയിലിൽ ഇടണ്ടേ. ഇത്രയും വലിയ ഒരു കുറ്റകൃത്യത്തെ മീ ടു എന്നൊരു ഊള വാക്ക് ഇട്ടുവിളിച്ച് പറ്റിക്കാൻ നോക്കുന്നോ?

'ഒരുത്തീ' സിനിമയുടെ പത്രസമ്മേളനത്തിനിടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന വിഷയത്തിലും വിനായകൻ പ്രതികരിക്കുകയുണ്ടായി. പ്രസ് മീറ്റിനിടെ മാധ്യമ പ്രവർത്തകയോട് മോശമായി സംസാരിച്ചെന്നും വിവാദം ഉണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവന്നതിനെ തുടർന്ന് മാധ്യമപ്രവർത്തകരും വിനായകനുമായി വാക്കുതർക്കവുമുണ്ടായി.

''ഞാൻ ആ പെൺകൊച്ചിനോട് അല്ല പറഞ്ഞത്. ആ കുട്ടിക്കു വിഷമം വന്നെങ്കിൽ ഞാൻ സോറി പറഞ്ഞു, ഇപ്പോൾ ആ പെൺകൊച്ച് ഇവിടെയുണ്ടെങ്കിൽ ഞാൻ സോറി പറയും. വിഷമമില്ലെങ്കിൽ സോറി പിൻവലിക്കും. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾ പറഞ്ഞുണ്ടാക്കിയതാണ് അത്. വിനായകനെ മനസ്സിലാക്കാൻ നിങ്ങളൊന്നും ആയിട്ടില്ല. എന്റെ പേരിൽ പല ചാനലുകൾ പെണ്ണുകേസ് എഴുതി വച്ചു. പല മീ ടു എനിക്കെതിരെ ഉണ്ടെന്നാണ് അവർ പറഞ്ഞത്. അതാണ് ഞാൻ ഇപ്പോൾ ഈ മറുപടി പറയുന്നത്.''വിനായകൻ വ്യക്തമാക്കി.