ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ഉയരുന്നതിനിടെ പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മുൻ സൈനിക മേധാവി ജനറൽ വി.കെ.മാലിക്.

ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്മതാക്കി. കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയം നേടിയത് ജനറൽ വി.പി. മാലികിന്റെ നേതൃത്വത്തിലാണ്.

'ഇന്ത്യൻ സായുധസേന ഒരു സന്നദ്ധ സേനയാണെന്ന് നാം മനസ്സിലാക്കണം. ഇതൊരു ക്ഷേമ സംഘടനയല്ല. രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിരോധിക്കാനും കഴിയുന്ന ഏറ്റവും മികച്ച ആളുകളായിരിക്കണം അതിലേക്ക് വരേണ്ടത്. ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയിൽ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' ജനറൽ വി.പി.മാലിക് പറഞ്ഞു.

അതേ സമയം തന്നെ റിക്രൂട്ട്മെന്റ് താത്കാലികമായി നിർത്തിവെച്ചത് കാരണം ടെസ്റ്റ് പൂർത്തിയാക്കാൻ സാധിക്കാത്ത നിരവധി ഉദ്യോഗാർഥികൾ ഉണ്ടെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവരിൽ ചിലർക്ക് ഇപ്പോൾ പ്രായക്കൂടുതലുണ്ടാകും. അവർ അഗ്‌നിപഥ് പദ്ധതിക്ക് അർഹരായിരിക്കില്ല. അതിനാൽ അവരുടെ ഉത്കണ്ഠയും നിരാശയും എനിക്ക് മനസ്സിലാക്കാൻ കഴിയും'അദ്ദേഹം പറഞ്ഞു.

അഗ്‌നിപഥ് പദ്ധതിക്ക് നിരവധി പ്ലസ് പോയിന്റുകൾ ഉണ്ടെന്ന് പറഞ്ഞ ജനറൽ മാലിക് ഇത് സംബന്ധിച്ച ആശങ്കകൾ അത് നടപ്പിലാക്കുന്ന മുറയ്ക്ക് പരിശോധിക്കാമെന്നും വ്യക്തമാക്കി.