പട്ന: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഹ്രസ്വകാല സൈനികസേവന പദ്ധതിയായ അഗ്‌നിപഥിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ സ്‌കൂൾ ബസുകൾക്ക് നേരെയും അതിക്രമം. ബിഹാറിൽ പ്രക്ഷോഭകർ സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ തടഞ്ഞ് അതിക്രമം തുടർന്നതോടെ വിദ്യാർത്ഥികൾ ഭീതിയിലായി. പൊലീസെത്തി ഗതാഗതതടസ്സം ഒഴിവാക്കിയാണ് ബസ് പോകാൻ സൗകര്യമൊരുക്കിയത്

ദർഭംഗയിൽ പ്രക്ഷോഭകാരികൾ വെള്ളിയാഴ്ച തടഞ്ഞ സ്‌കൂൾ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളിലൊരാൾ ഭയപ്പെട്ട് കരയുന്നതിന്റെ വീഡിയോ പുറത്തുവന്നു. വാഹനത്തിലുണ്ടായിരുന്ന അദ്ധ്യാപികയും മറ്റു കുട്ടികളും കരയുന്ന ആൺകുട്ടിയെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രതിഷേധവുമായി യാതൊരുവിധ ബന്ധമില്ലെന്ന് ബസ് ഡ്രൈവർ ആവർത്തിച്ച് പറഞ്ഞിട്ടും അപേക്ഷിച്ചിട്ടും സ്‌കൂൾ ബസ് വിടാൻ പ്രക്ഷോഭകർ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.