- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രവാചകനെതിരെ പരാമർശം: നൂപുർ ശർമയെ കാണാനില്ലെന്നു റിപ്പോർട്ടുകൾ; ഡൽഹിയിൽ തിരഞ്ഞ് മുംബൈ പൊലീസ്
ന്യൂഡൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ വന്നതോടെ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ കാണാനില്ലെന്നു റിപ്പോർട്ടുകൾ. നൂപുർ ഇപ്പോൾ എവിടെയെന്ന് അറിയില്ലെന്നാണു പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. ഡൽഹിയിൽ താമസിക്കുന്ന നൂപുറിനെതിരെ മുംബൈ പൊലീസും കേസെടുത്തിരുന്നു.
ഇർഫാൻ ഷെയ്ഖ് എന്നയാളുടെ പരാതി പ്രകാരമാണ് കേസെടുത്തത്. മുംബൈ പൊലീസ് നൂപുറിനെ ചോദ്യം ചെയ്യാൻ ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. നൂപുർ ശർമയെ അറസ്റ്റ് ചെയ്യാനുള്ള അത്രയും തെളിവുകൾ മുംബൈ പൊലീസിന്റെ കൈവശമുണ്ടെന്നാണു വിവരം. കഴിഞ്ഞ അഞ്ചു ദിവസമായി മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിൽ തങ്ങുകയാണ്.
തൃണമൂൽ നേതാവ് അബ്ദുൽ സുഹൈലിന്റെ പരാതിയിൽ കൊൽക്കത്ത പൊലീസും നൂപുറിനെതിരെ കേസെടുത്തിരുന്നു. ഡൽഹി പൊലീസും ബിജെപി നേതാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങി 15 ഓളം രാജ്യങ്ങൾ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നൂപുർ ശർമ പരാമർശം പിൻവലിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.
അഡ്വ. സയ്യിദ് അസീം നൽകിയ പരാതിയിൽ ബീഡ് പൊലീസ് കേസെടുത്തിരുന്നു. ടെലിവിഷൻ ചർച്ചക്കിടെ നൂപുർ ശർമ പ്രവാചകനെതിരെ നടത്തിയ പരാമർശം മുസ്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
മുംബൈ, താനെ നഗരങ്ങളുൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ സമാന വിഷയത്തിൽ നൂപുറിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. വിവാദ പ്രസ്താവനയെ തുടർന്ന് നൂപുർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. ഡൽഹി ബിജെപി മാധ്യമം വിഭാഗം തലവനായിരുന്ന നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.




