ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈദരാബാദ് എംപി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി.

ഹൈദരാബാദിലും സെക്കന്തരാബാദിലുമെല്ലാം പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് വിമർശവുമായി ഒവൈസി രംഗത്ത് എത്തിയത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ 1990ലെ ഗോസ്വാമി ആത്മഹത്യയെ ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞ ഒവൈസി അഗ്‌നിപഥ് സംഘർഷത്തിന്റെ 4 കാരണങ്ങളും വ്യക്തമാക്കി.

'സാമ്പത്തിക ഞെരുക്കം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന പണപ്പെരുപ്പം എന്നിവയുടെ ഫലം ജനങ്ങളുടെ രോഷമാണ്. ഇതിനെ ആളിക്കത്തിക്കുന്ന വിധം ഒപ്പം ചേർക്കാവുന്ന നാലാമത്തെ ഘടകം സൈനിക മേധാവികൾക്ക് പിന്നിലാണ് താൻ ഒളിച്ചിരിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഹങ്കാരവും ദുരഭിമാനവും ആണ്'ഒവൈസി പറഞ്ഞു.

അതേസമയം, അഗ്‌നിപഥ് പദ്ധതിവഴി നിയമനം ഉടനുണ്ടാകുമെന്ന് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. അടുത്ത രണ്ടുദിവസത്തിനുള്ളിൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഡിസംബറിൽ പരിശീലനം തുടങ്ങുമെന്നും കരസേനാ മേധാവി വ്യക്തമാക്കി. പദ്ധതിക്കെതിരെ യുവാക്കളുടെ പ്രതിഷേധം കാര്യങ്ങൾ അറിയാതെയാണെന്നും യാഥാർഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.