മലപ്പുറം: ഒരു സിവിൽ കേസിന്റെ പേരിൽ സ്റ്റേഷൻ എസ് ഐ. നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി വീട്ടമ്മ. രാത്രി കാലങ്ങളിൽ ഫോണിൽ വിളിച്ച് ശല്യംചെയ്യുന്നു വെന്നും കള്ളക്കേസിൽപെടുത്താൻ ശ്രമം നടക്കുന്നതായും പരാതിയിൽ പറയുന്നു.

ഒരു സിവിൽ കേസിന്റെ പേരിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം ശശികുമാറാണ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും പൊതു സ്ഥലത്ത് വെച്ച് അസഭ്യം പറയുകയും ചെയ്തതായി മമ്പാട് സ്വദേശിനിയുമായ പി ജെ പ്രേമ പരാതിയിൽ ആരോപിക്കുന്നത്.

തങ്ങളുടെ കുടുബ സ്വത്ത് സംബന്ധിച്ച് സഹോദരനുമായി കേസ് നിലവിലുണ്ട്. ഈ സ്വത്ത് വാങ്ങിയ ചിലരുടെ ഇടനിലക്കാരനായാണ് എസ് ഐ തന്നെ ഭീഷണിപ്പെടുത്തുയും വീട്ടിൽ അതിക്രമിച്ച് കയറുകയും ചെയ്തതെന്ന് പ്രേമ മലപ്പുറത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇത് സംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് എസ് ഐ യെ കരുവാരക്കുണ്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് ദ്രോഹിക്കുന്നത്.തന്റെ മക്കളുടെ പേരിലും കള്ളക്കേസുകളെടുക്കുമെന്ന് എസ് ഐ ഭീഷണിപ്പടുത്തിയതായി അവർ പറഞ്ഞു.

എസ് ഐ കാരണം ജീവന് ഭീഷണിയുള്ളതായി കാണിച്ച് താൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രേമ പറയുന്നു. മാനിസകമായി വലിയ പ്രയാസം വന്നതുകൊണ്ടാണ് ഇത്തരത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതെന്നും തനിക്കു നീതിവേണമെന്നും ഇവർ പറഞ്ഞു.

നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ എം ശശികുമാർ തനിക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണു മുഖ്യമന്ത്രിക്കു പരാതി നൽകിയതെന്നും പ്രേമ പറഞ്ഞു.