ബെംഗളൂരു: പിടിച്ചു പറി കേസിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാരനായ മകനെ കാണാൻ അമ്മ എത്തിയത്് ലഹരിമരുന്നമായി. അഞ്ചുലക്ഷംരൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽലുമായാണ് മുഹമ്മദ് ബിലാൽ എന്ന മകനെ കാണാൻ അമ്മ എത്തിയത്. സംഭവത്തിൽ ശിക്കാരിപാളയ സ്വദേശിനി പ്രവീൺ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസിൽ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയിൽ എത്തിച്ചു നൽകിയത്. മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്.

പൊലീസ് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന സഞ്ചിയിൽ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കൾ നൽകിയ സഞ്ചിയാണെന്നും പ്രവീൺ താജ് പൊലീസിന് മൊഴിനൽകി. മറ്റാരുടെയോ ഫോണിൽനിന്ന് മകൻ വിളിച്ച് സുഹൃത്തുക്കൾ നൽകുന്ന സഞ്ചിയിൽ വസ്ത്രങ്ങൾ കൊടുത്തുവിടാൻ ആവശ്യപ്പെട്ടിരുന്നതായി സ്ത്രീ പൊലീസിനോട് പറഞ്ഞു. സഞ്ചിയിൽ ലഹരിമരുന്ന് ഉള്ളകാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ നിർദ്ദേശം അനുസരിക്കുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി.

സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ 2020-ലെ പിടിച്ചുപറിക്കേസിൽ കൊനനകുണ്ടെ പൊലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം പ്രവീൺ താജ് ജയിലിൽ മകന് വസ്ത്രങ്ങൾ കൊണ്ടുവന്ന തുണിസഞ്ചി പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 200 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സ്ത്രീയെ പിടികൂടി പരപ്പന അഗ്രഹാര പൊലീസിന് കൈമാറി.

ലഹരിമരുന്ന് അടങ്ങിയ സഞ്ചി സ്ത്രീക്ക് കൈമാറിയ സുഹൃത്തുക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ബിലാൽ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളല്ലെന്നും ലഹരിമരുന്ന് ജയിലിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.