മൂന്നാർ: പഴയ ആലുവ-മൂന്നാർ രാജപാതയ്ക്ക് നടുവിലൂടെ ട്രഞ്ച് താഴ്‌ത്തിയും ജണ്ടയിട്ടും വനംവകുപ്പ്. പാത തുറക്കാതിരിക്കാൻ കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വനംവകുപ്പിന്റെ തലതിരഞ്ഞ നീക്കത്തിനെതിരെ മാങ്കുളം മേഖലയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മാങ്കുളം ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിൽവരുന്ന പെരുമ്പൻകുത്തിനും 50-ാം മൈലിനും ഇടയിൽ 700 മീറ്ററോളം നീളത്തിൽ ട്രഞ്ച് താഴ്‌ത്തിയിട്ടുണ്ട്. സമീപത്തായി ജണ്ടകളും സ്ഥാപിച്ചിട്ടുണ്ട്. പാത തുറക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെ വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള നീക്കം പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്നും നിലവിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തികൾ നിമവിരുദ്ധമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.



ഇക്കാര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രവർത്തകനായ ഷാജി പയ്യാനിക്കൽ വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ നൽകി. ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയിട്ടില്ലന്നാണ് മറുപടി ലഭിച്ചത്. പാതയിൽ ട്രഞ്ചും കലുങ്കും ഇപ്പോഴും നില നിൽക്കുന്ന പശ്ചാത്തലത്തിൽ തെറ്റായ മറുപടിയാണ് സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ഓഫീസർ നൽകിയതെന്ന് വ്യക്തം.



വനംവകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഷാജി പയ്യാനിക്കൽ കോടതിയെ സമീപിച്ചിട്ടുണ്ട്. പാത തുറന്നു കിട്ടണമെന്ന ആവശ്യവും ഹർജ്ജിയിൽ ഉന്നയിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ദോഷം വരുത്താതെ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ച് മൂന്നാറിൽ എത്താവുന്ന പാതയാണിതെന്നും മാങ്കുളം മേഖലയുടെ പുരോഗതിക്ക് വഴി തുറക്കുന്ന പാത തുറക്കുന്നതിൽ വനംവകുപ്പ് തുരങ്കം വയ്ക്കുകയാണെന്നും ഇതിന് പിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്നുമാണ് നാട്ടുകരുടെ ആരോപണം.



കുട്ടമ്പുഴ, മാമലക്കണ്ടം, മാങ്കുളം വഴി ലക്ഷ്മി എസ്റ്റേറ്റിൽ എത്തുന്ന പഴയ ആലുവ മൂന്നാർ രാജ പാത സഞ്ചാര യോഗ്യമാക്കണെമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. 99 പ്രളയത്തിൽ കരിന്തിരിമല ഇടിഞ്ഞതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മുടങ്ങുകയായിരുന്നു.

ബ്രിട്ടീഷുകാരാണ് ഇതുവഴി പാത രൂപപ്പെടുത്തിയത്. അക്കാലത്ത് നിർമ്മിച്ച കലുങ്കുകളും പാലങ്ങളും കാര്യമായ കേടുപാടുകളില്ലാതെ ഇന്നും പാതയുടെ പലങ്ങളിലുമുണ്ട്. പൊതുമാരമത്തുവകുപ്പും വനംവകുപ്പും തമ്മിലുള്ള അധികാര വടം വലിയാണ് റോഡ് തുറക്കുന്നതിന് തടസമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ ലിസ്റ്റിൽ രാജപാതയും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇത് അംഗികരിക്കാൻ വനംവകുപ്പ് കൂട്ടാക്കുന്നില്ല എന്നതാണ് വസ്തുത.



പാത തുറന്നാൽ പുറമെ നിന്ന് കൂടുതൽ ആളുകൾ വനമേഖലയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നുമാണ് വനംവകുപ്പിന്റെ വാദം.