മൂവാറ്റുപുഴ: വീടിനു സമീപം അനധികൃതമായി മണ്ണെടുക്കുന്നതിന്റെ ചിത്രം മൊബൈലിൽ പകർത്തിയ പെൺകുട്ടിയെ മർദ്ദിച്ച് അവശയാക്കി കുഴിയിൽ തള്ളി ഇട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു.
മാറാടി സ്വദേശി അൻസാറിനെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

പാലക്കാട് എഫ് സി ഐ ഡിപ്പോയിലെ ജീവനക്കാരനായ മാറാടി കാക്കൂച്ചിറ വേങ്ങപ്ലാക്കൽ ലാലുവിന്റെ മകൾ അക്ഷയക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പൊലീസ് വിലക്ക് ലംഘിച്ച് വീടിനോട് ചേർന്നുള്ള സ്ഥലത്തുനിന്നും അൻസാറിന്റെ നേതൃത്വത്തിൽ മണ്ണെടുക്കുന്നത് അക്ഷയ മൊബൈലിൽ പകർത്തി.

ഇത് കണ്ട് രോക്ഷാകൂലനായി ഇയാൾ അസഭ്യം പറയുകയുകയും കരണത്തടിച്ച ശേഷം തലമുടിക്കുത്തിന് പിടിച്ച് വട്ടം കറക്കി, മണ്ണെടുത്തിരുന്ന കുഴിയിലേയ്ക്ക് തള്ളിയിടുകയായിരുന്നെന്നും അക്ഷയ പറയുന്നു.

മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികത്സയിലായിരുന്ന അക്ഷയ വീട്ടിലെത്തിയിട്ടും ഭീതി വിട്ടൊഴിയാത്ത പോലെയാണ് പെരുമാറുന്നതെന്നും അതിനാൽ ജോലിക്കുപോകാതെ, മകൾക്ക് ധൈര്യം പകർന്ന് ഒപ്പം നിൽക്കുകയാണെന്നും പിതാവ് ലാലു വേണുഗോപാൽ മറുനാടനോട് വ്യക്തമാക്കി.

വീട്ടിൽ ഭാര്യയും താനും ഇല്ലാതിരുന്നു. സുഖമില്ലാത്തതിനാൽ മകൾ കോളേജിൽ പോയില്ല.വീട്ടിൽ ആരും ഇല്ലാത്ത തക്കം നോക്കി മണ്ണ് കടത്തുന്നതിനായിരുന്നു അൻസാറിന്റെ ശ്രമമെന്നാണ് മനസ്സിലാവുന്നത്. മണ്ണെടുത്ത് മാറ്റിയാൽ മുകൾ ഭാഗത്തുള്ള തങ്ങളുടെ വീട് നിലം പൊത്തുന്ന സ്ഥിതിയാവും.

ഇതെത്തുടർന്ന് ഈ വിവരം ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ പൊലീസിൽ പരാതിപ്പെടുകയും മണ്ണെടുക്കരുതെന്ന് പൊലീസ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. വിലക്ക് നിലനിൽക്കെയാണ് കഴിഞ്ഞ ദിവസം അൻസാർ ജെ സി ബിയും ടിപ്പറുകളുമായി എത്തി മണ്ണെടുക്കാൻ ആരംഭിച്ചത്.

അസുഖമായിരുന്നതിനാൽ അക്ഷയ അന്ന് കോളേജിൽ പോയിരുന്നില്ല.ശബ്ദം കേട്ട് വീടിന്റെ പിന്നാമ്പുറത്തെത്തുമ്പോഴാണ് താഴെ മണ്ണെടുക്കൽ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ അവിടെ നിന്ന് മൊബൈലിൽ ദൃശ്യം പകർത്തിയെങ്കിലും വാഹനങ്ങളുടെ നമ്പർ കാണാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് താഴെ എത്തി ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് അക്ഷയയെ അൻസാർ ആക്രമിക്കുന്നത്.അസഭ്യവർഷവും മർദ്ദനവും വധിഭീഷിണയും മൂലം മകൾ വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്. അവളുടെ സ്വഭാവത്തെപോലും ബാധിച്ചിട്ടുണ്ട്. മനസ്സിൽ വല്ലാത്ത വേദനയുമായിട്ടാണ് കഴിയുന്നതെന്നും ലാലു കൂട്ടിച്ചേർത്തു.

അക്ഷയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അൻസാറിനെതിരെ കേസെടുത്തിട്ടുള്ളത്. വീട്ടിലേയ്ക്ക് പോകാൻ ഭയമാണെന്നും അൻസാർ കൊല്ലുമെന്നും മറ്റും പറഞ്ഞ് ആശുപത്രി കട്ടിലിൽ ഇരുന്ന് നിർത്താതെ നിലവിളിച്ച അക്ഷയെ ഏറെ പാടുപെട്ടാണ് കൂടെയുണ്ടായിരുന്നവർ ആശ്വസിപ്പിച്ചത്. ആക്രമണത്തെക്കുറിച്ച് പൊലീസിനോടും മാധ്യമപ്രവർത്തകരോടും വിവരിക്കുമ്പോഴും അവസ്ഥയ്ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നില്ല.

നിന്റെ വീട്ടിലെ ഓരോരുത്തരെയായി എണ്ണം കുറയ്ക്കും, നിന്നെയും കുടുബത്തെയും ഇവിടെ നിന്ന് ഓടിക്കും, തനിക്ക് രാഷ്ട്രീയക്കാരുടെ കൂട്ടുണ്ട്..അതുകൊണ്ട് പൊലീസ് ഒന്നും ചെയ്യില്ല, വേണ്ടി വന്നാൽ ഒക്കെത്തിനെയും കൊല്ലും എന്നിങ്ങിനെയായിരുന്ന അൻസാറിന്റെ ഭീഷിണിയെന്നാണ് അക്ഷയ വെളിപ്പെടുത്തിയത്.

അൻസാറിന്റെ ആക്രണത്തെത്തുടർന്ന് മണ്ണെടുത്ത സ്ഥലത്ത് വീണ അക്ഷയയുടെ നിലവിളിയും ഭീതിയോടെയുള്ള വിവരണവും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.