ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ബിജെപി എംപി പ്രജ്ഞ സിങ് താക്കൂറിന് വധ ഭീഷണി. സംഭവത്തിൽ പൊലീസ് കേസ് എടുത്തു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്സ് ആപ്പ് കോളാണ് എംപിക്ക് ലഭിച്ചത്.

ഇഖ്ബാൽ കസ്‌ക്കറിന്റെ ആളാണെന്നാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയതെന്ന് പ്രജ്ഞയുടെ പരാതിയിൽ പറയുന്നു. 'ഉടനെ നിങ്ങൾ കൊല്ലപ്പെടും. ഇത് നിങ്ങളെ അറിയിക്കേണ്ട ബാദ്ധ്യത ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് വിളിച്ചത്'. ഇതായിരുന്നു വിളിച്ചയാൾ പറഞ്ഞത്. ഇത് പ്രജ്ഞാ സിങ് ഫോണിൽ റെക്കോർഡ് ചെയ്തു. ഉടനെ ഇതുമായി ടിടി നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രജ്ഞാ സിംഗിന്റെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506, 507 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിന് മുൻപും നിരവധി തവണ പ്രജ്ഞയ്ക്കെതിരെ വധഭീഷണി ഉയർന്നിട്ടുണ്ട്.