മലപ്പുറം: പതിനാറ് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 50വയസ്സുകാരന് 15 വർഷ കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം ഇരിങ്ങാവൂർ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിനെയാണ് ശിക്ഷിച്ചത്. തിരൂർ പോക്‌സോ കോടതി ജഡ്ജി സി.ആർ ദിനേശ് വിധിച്ചത്.

കൽപകഞ്ചേരി പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2019 ജനുവരി 8ന് ആശാരിപ്പാറ പാടത്തിനടുത്തെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ വച്ചായിരുന്നു പീഡനം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ആയിഷ ജമാൽ ഹാജരായി.

അതേ സമയം മലപ്പുറത്ത് പള്ളിയിൽ നമസ്‌കരിക്കാനെത്തിയ അഞ്ചാംക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സംഭവത്തിൽ മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ള എന്ന മരുത ചെറിയോനെയാണ് നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്വിദ്യാർത്ഥിയായിരുന്ന കുട്ടിയെ പള്ളിയിൽവച്ചാണ് പ്രതി പീഡിപ്പിച്ചത്. തുടർന്ന് മാനസികനില തകരാറിലായ കുട്ടി പഠനത്തിൽ പിന്നാക്കം പോയതിനെ തുടർന്നു തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരവെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തു പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. എസ്‌ഐ നവീൻഷാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദാലി എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.