- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്; മറ്റൊരു പോക്സോ കേസിൽ മുൻ സിപിഎം കൗൺസിലറും മുൻ അദ്ധ്യാപകനുമായ ശശികുമാർ വീണ്ടും അറസ്റ്റിൽ
മലപ്പുറം: വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മലപ്പുറം നഗരസഭയിലെ സിപിഎമ്മിന്റെ മുൻ കൗൺസിലറും സെന്റ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അദ്ധ്യാപകനുമായ ശശികുമാർ (56) പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ. രണ്ട് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു പോക്സോ കേസിൽ ശശികുമാർ വീണ്ടും അറസ്റ്റിലായത്.
പൂർവവിദ്യാർത്ഥിനിയുടെ പരാതിയിൽ മലപ്പുറം വനിത പൊലീസാണ് പോക്സോ ചുമത്തിയത്. പുതിയ പരാതിയിൽ വെള്ളിയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ മലപ്പുറം ഡിപിഒ റോഡിൽ രോഹിണിയിൽ കിഴക്കെ വെള്ളാട്ട് ശശികുമാറിനെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലടച്ചു. ശശികുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം എടുക്കുന്ന മൂന്നാമത്തെ കേസാണിത്.
പുതിയ പരാതിയിയിൽ പൊലീസ് എഫ്.ഐ.ആറിൽ സംഭവം നടന്ന സ്ഥലമായ സ്‌കൂളിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആക്ഷേപമുണ്ട്. മുൻകേസുകളിലും പൊലീസിനെതിരെ സമാന ആരോപണമുയർന്നിരുന്നു.
താൻ പഠിപ്പിച്ച സ്‌കൂൾ കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ നേരത്തെ അറസ്റ്റിലായ ശശികുമാറിന് കഴിഞ്ഞ ദിവസം ജഡ്ജി കെ ജെ ആർബിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ടാൾ ജാമ്യം, എല്ലാ ശനി, തിങ്കൾ ദിവസങ്ങളിലും രാവിലെ 9 നും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.
ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം. അഞ്ചു ദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
രണ്ടു കേസുകളിലാണ് പ്രതിക്ക് ഇപ്പോൾ കോടതി ജാമ്യം നൽകിയത്. 2012 ജൂൺ മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പലതവണ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്.
2013 ജൂൺ മുതൽ 2014 മാർച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ മെയ് 24ന് പ്രതിയെ ജയിലിൽ വെച്ച് പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 38 വർഷം അദ്ധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്