ഡൽഹി: മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്‌സിൻ ഉടൻ വിപണിയിലെത്തിയേക്കും. മരുന്നിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കോവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. അടുത്ത മാസത്തോടെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‌സ് കൺട്രോളർ ജനറലിന് കൈമാറും. അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായിരിക്കും അതെന്ന് ഭാരത് ബയോടെക് ചെയർമാൻ ഡോ കൃഷ്ണ എല്ല പറഞ്ഞു.

മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഈ വർഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കൺട്രോളർ അനുമതി നൽകിയത്. ഏതൊരു വാക്സിനേഷനിലും ബൂസ്റ്റർ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയർമാൻ പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാൻ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമർഥമായ വഴികൾ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.