സിഡ്‌നി: ക്രെമോണിൽവെച്ച് 46കാരനുമായി വാക്കുതർക്കം ഉണ്ടായതിന് പിന്നാലെ മൂന്ന് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം മുൻ ഓസിസ് സഹതാരം ആദം ഗിൽക്രിസ്റ്റിനോട് വിവരിച്ച് സ്റ്റുവർട്ട് മക്ഗിൽ. 2021 ഏപ്രിൽ 14നാണ് സംഭവം നടന്നത്. തന്നെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോകുകയും കാറിലിട്ട് നഗ്‌നനാക്കി മർദ്ദിക്കുകയും ചെയ്തുവെന്നാണ് സെൻ വാ ബ്രേക്ക്ഫാസ്റ്റ് പോഡ്കാസ്റ്റിൽ സംസാരിക്കവെ മക്ഗിൽ, ഗിൽക്രിസ്റ്റിനോട് വെളിപ്പെടുത്തിയത്.

ഒരുദിവസം സന്ധ്യയോടെ മൂന്ന് പേർ ചേർന്ന് എന്നെ നിർബന്ധിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. അവർ ആയുധധാരികളായതിനാൽ എനിക്ക് ശക്തമായിഎതിർക്കാനായില്ല. നീയത് ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്കറിയാം, കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു അവർ എന്നെ നിർബന്ധിച്ച് കാറിൽ കയറ്റിയത്. ഒന്നൊന്നര മണിക്കൂറോളം അവർ കാറിൽ ഇരുത്തി ഓടിച്ചുപോയി. പെർത്തിൽ നിന്നുള്ള ആളാണ് ഞാൻ. അതുകൊണ്ടുതന്നെ സിഡ്‌നിയിലെ പല സ്ഥലങ്ങളും എനിക്കറിയില്ല. അതുകൊണ്ടുതന്നെ എങ്ങോട്ടാണ് അവർ പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ ആകെ ഭയന്നുവിറച്ചു.

ആ സമയം അവർ എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്‌നനാക്കി. അതിനുശേഷം മർദ്ദിച്ച് അവശനാക്കി. അതിനുശേഷം റോഡരികിൽ തള്ളി. എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ മൂന്ന് മണിക്കൂറുകളായിരുന്നു അത്. ഞാൻ ഭയന്നുപോയി, അപമാനിതനായി, എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. അവരെന്നെ ബെൽമോറിലാണ് ഇറക്കിവിട്ടത്. സത്യം പറഞ്ഞാൽ എവിടെയാണ് ഞാനെന്ന് എനിക്കറിയില്ലായിരുന്നു. അതിനുശേഷം ഒരു ക്യാബ് ഡ്രൈവറാണ് എന്നെ സഹായിച്ചത്. അയാൾ എനിക്ക് ഭക്ഷണം നൽകി-മക്ഗിൽ പറഞ്ഞു.

എന്നാൽ സംഭവത്തിൽ കുറ്റാരോപിതരായ രണ്ട് യുവാക്കൾ കോടതിയിൽ പറഞ്ഞത് മറ്റൊരു കഥയായിരുന്നു. മയക്കുമരുന്ന് കച്ചവടത്തിനായി മക്ഗിൽ തങ്ങളെ സമീപിക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം. എന്നാൽ സംഭവത്തിൽ മക്ഗിൽ നിരപരാധിയാണെന്നാണ് പൊലീസിന്റെ നിലപാട്. കേസിൽ കോടതിയിൽ വിചാരണ ആരംഭിച്ചിട്ടില്ല. സംഭവത്തിൽ ആദ്യമായാണ് മക്ഗിൽ മനസുതുറക്കുന്നത്.

തട്ടിക്കൊണ്ടുപോകൽ നടക്കുന്നതിന് മുമ്പ് ക്രെമോണിൽവെച്ച് 46കാരനുമായി മകഗിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് മകഗില്ലിനെ അക്രമികൾ തോക്കു ചൂണ്ടിയശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. ആക്രമണത്തിൽ കാര്യമായി പരിക്കേറ്റില്ലെങ്കിലും ഭയം കാരണം സംഭവം മകഗിൽ 20വരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.

ഷെയ്ൻ വോണിന്റെ സമകാലീനയിരുന്നതിന്റെ പേരിൽ ഓസ്‌ട്രേലിയൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന ലെഗ് സ്പിന്നറായ മകഗിൽ ഓസ്‌ട്രേലിയക്കായി 44 ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 208ഉം ഏകദിനത്തിൽ ആറ് വിക്കറ്റും വീഴ്‌ത്തി. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 50കാരനായ മകഗിൽ 2011ൽ ബിഗ് ബാഷ് ലീഗിൽ കളിച്ചിരുന്നു.