- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി രാജ്യത്തിന് സമർപ്പിച്ചു; ടണൽ സന്ദർശനത്തിനിടെ മാലിന്യങ്ങൾ നീക്കംചെയ്ത് പ്രധാനമന്ത്രി; ദൃശ്യങ്ങൾ വൈറൽ; സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രതിജ്ഞാബദ്ധതയെന്ന് നിരവധിപേർ
ന്യൂഡൽഹി: പ്രഗതി മൈതാൻ സംയോജിത ഗതാഗത ഇടനാഴി പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഉദ്ഘാടനത്തിനു ശേഷം ഇടനാഴി സന്ദർശിക്കുന്നതിനിടെ മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
രാവിലെ 10.30-ന് ആണ് പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പുതിയ ഇന്ത്യയാണ്. പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ പ്രതിജ്ഞകളെടുക്കാനും അത് നിറവേറ്റാനും പുതിയ ഇന്ത്യയ്ക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയൽ, ഹർദീപ് സിങ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേൽ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.
#WATCH | Prime Minister Narendra Modi picks up litter at the newly launched ITPO tunnel built under Pragati Maidan Integrated Transit Corridor, in Delhi
- ANI (@ANI) June 19, 2022
(Source: PMO) pic.twitter.com/mlbiTy0TsR
പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ടണൽ സന്ദർശനത്തിനിടെയാണ് നിലത്തു കിടന്നിരുന്ന മാലിന്യങ്ങൾ പ്രധാനമന്ത്രി നീക്കം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. പ്ലാസ്റ്റിക് കുപ്പിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ്് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രഗതി മൈതാൻ പുനർവികസന പദ്ധതിയുടെ അവിഭാജ്യഘടകമാണ് സംയോജിത ഗതാഗത ഇടനാഴി. 920 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇടനാഴി പദ്ധതി പൂർത്തിയാക്കിയത്. പൂർണചെലവും കേന്ദ്രസർക്കാരിന്റേതാണ്. ഇടനാഴി പദ്ധതി വന്നതോടെ പ്രഗതി മൈതാനത്തു പണികഴിപ്പിക്കുന്ന പുതിയ പ്രദർശന-സമ്മേളന കേന്ദ്രത്തിലേക്കു സുഗമമായ പ്രവേശനം ലഭിക്കും. മൈതാനത്തു നടക്കുന്ന പരിപാടികളിൽ പ്രദർശകർക്കും സന്ദർശകർക്കും എളുപ്പത്തിൽ പങ്കെടുക്കാനും സൗകര്യമൊരുങ്ങും.
പ്രഗതി മൈതാനത്തിനു മാത്രമല്ല, പദ്ധതി ഗുണം ചെയ്യുന്നത്. ഗതാഗതക്കുരുക്ക് കുറച്ച് വാഹനഗതാഗതം ഉറപ്പാക്കുകയും യാത്രക്കാരുടെ സമയവും ചെലവും ലാഭിക്കാൻ സഹായിക്കുകയും ചെയ്യും. പ്രധാന തുരങ്കം റിങ് റോഡിനെ ഇന്ത്യാ ഗേറ്റുമായി ബന്ധിപ്പിക്കുന്നു. പുരാനാ കില റോഡുവഴി പ്രഗതി മൈതാനത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. ആറുവരിയായി വിഭജിച്ചിരിക്കുന്ന തുരങ്കത്തിൽനിന്ന് പ്രഗതി മൈതാനത്തിന്റെ ബേസ്‌മെന്റ് പാർക്കിങ്ങിലേക്കും പോകാനാകും. പാർക്കിങ് മേഖലയുടെ ഇരുവശത്തുനിന്നും ഗതാഗതം സുഗമമാക്കുന്നതിന് പ്രധാന ടണൽ റോഡിനു താഴെ രണ്ടു ക്രോസ് ടണലുകൾ നിർമ്മിച്ചിട്ടുണ്ട്.
തുരങ്കത്തിനൊപ്പം ആറ് അടിപ്പാതകളും ഉണ്ടാകും. ഇതിൽ നാലെണ്ണം മഥുര റോഡിലും ഒന്ന് ഭൈറോൺ മാർഗിലും മറ്റൊന്ന് റിങ് റോഡും ഭൈറോൺ മാർഗും ചേരുന്ന സ്ഥലത്തുമാണുള്ളത്. ഫലത്തിൽ തുരങ്കം ഭൈറോൺ മാർഗിലേക്കുള്ള ബദൽ പാതയാകും. അതോടെ ഭൈറോൺ മാർഗിലെ ഗതാഗതം പകുതിയിലധികം കുറയ്ക്കാനാകുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.