തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൻ മാവുങ്കലിന്റെ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടക്കുന്നതിനിടെ നിയമസഭാ സമുച്ചയത്തിൽ കയറിയതിൽ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. അനിതയുടെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഇക്കാര്യത്തെ കുറിച്ച് കർശനമായി അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദർശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.

മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആൻഡ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു

പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൻസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൻസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല.