ബംഗളുരു: ഫാക്ടറി ജീവനക്കാരനായ ധർമ, അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചാർലി എന്ന നായ എന്നിവരുടെ യാത്രയുടെ കഥയാണ് ചാർലി 777 പറയുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന്റേയും പരിപാലിക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ചുമാണ് ചിത്രം സംസാരിക്കുന്നത്.

കിരൺരാജ് കെ സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായി അഭിനയിച്ച 777 ചാർലി ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പരംവാ സ്റ്റുഡിയോസിന്റെ ബാനറിൽ രക്ഷിത് ഷെട്ടി തന്നെയാണ് ചിത്രം നിർമ്മിച്ചത്.

ചിത്രം കണ്ടിറങ്ങിയ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കരയുന്നതിന്റെ ദൃശ്യം നേരത്തെ വൈറലായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. കൂടാതെ സിനിമയുടെ തിരക്കഥയേക്കുറിച്ചും സ്റ്റോറിലൈനിനേക്കുറിച്ചും അദ്ദേഹം പുകഴ്‌ത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു സന്തോഷവാർത്തയാണ് ചിത്രത്തിന്റെ അണിയറക്കാരെ തേടിയെത്തിരിക്കുന്നത്.

777 ചാർലിയുടെ കർണാടകയിലെ പ്രദർശനം ഇനി നികുതിരഹിതമായിരിക്കും എന്നതാണ് ആ വാർത്ത. കർണാടക ധനകാര്യവകുപ്പ് ഇത് സംബന്ധിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച മുതൽ ആറുമാസത്തേക്കാണ് ഈ ഇളവ് ചിത്രത്തിന് ലഭിക്കുക.

ടിക്കറ്റ് വിൽക്കുമ്പോൾ എസ്.ജി.എസ്.ടി ഈടാക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ടിക്കറ്റുകൾ നികുതി രഹിതമാക്കിയതിനുശേഷമുള്ള പുതുക്കിയ നിരക്കിലാകണം വിൽക്കേണ്ടത്.

കന്നഡയിൽ നിന്ന് മൊഴിമാറിയെത്തിയ ചിത്രം കേരളത്തിലും നല്ല പ്രകടനമാണ് കാഴ്ചവെക്കുന്നത്. സിനിമയേ തേടിയെത്തിയ അംഗീകാരത്തിൽ ആഹ്ലാദംകൊള്ളുകയാണ് താരങ്ങളും അണിയറപ്രവർത്തകരും.