ന്യൂഡൽഹി: ഡൽഹി - ജബൽപൂർ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളിൽ മർദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നാണ് പറന്നുയർന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായി സ്‌പൈസ്‌ജെറ്റ് കമ്പനി അധികൃതർ അറിയിച്ചു.

രാവിലെ പക്ഷി ഇടിച്ചതിനെ തുടർന്ന് തീപിടിച്ചതോടെ സ്‌പൈസ് ജെറ്റ് പാറ്റ്‌ന വിമാനവും തിരിച്ചിറക്കിയിരുന്നു. പാറ്റ്‌ന -ഡൽഹി സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു.

ഒന്നാം നമ്പർ എഞ്ചിനിലാണ് പക്ഷി ഇടിച്ചതെന്നും എഞ്ചിന് ഓഫാക്കി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിശദമായ പരിശോധനയിൽ എഞ്ചിൻ ഫാനിന്റെ മൂന്ന് ബ്ലെയിഡുകൾ തകർന്നതായി കണ്ടത്തി. 185 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.