ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് ഭീകരരെ വധിച്ചെന്ന് കശ്മീർ പൊലീസ്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഏറ്റുമുട്ടൽ ഉണ്ടായത്.

കുപ്‌വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയായ ലഷ്‌കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.

കശ്മീരിൽ കഴിഞ്ഞ ദിവസം ഒരു പൊലീസ് സബ് ഇൻസ്‌പെക്ടറെ ഭീകരർ വെടിവെച്ച് കൊന്നിരുന്നു. സാമ്പോറ എസ് ഐ ഫറൂഖ് അ മിർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിൽ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചിരുന്നു