ചെന്നൈ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് നടി സായ് പല്ലവിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടൻ പ്രകാശ് രാജ്. 'ആദ്യം മനുഷ്യത്വം... നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്' എന്ന പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നാണ് സായ് പല്ലവി പറഞ്ഞത്. തന്റെ പുതിയ ചിത്രമായ 'വിരാടപർവ'ത്തിന്റെ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ ഒരു ചോദ്യത്തിനുത്തരമായാണ് അവർ ഇക്കാര്യം പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും നടന്നിരുന്നു.

തന്റെ പരാമർശത്തിൽ വിശദീകരണവുമായി നടി സായ് പല്ലവി രംഗത്തെത്തി. എന്തെങ്കിലും പറഞ്ഞാൽ ദുർവ്യാഖ്യാനം ചെയ്യപ്പെടുമോയെന്ന ആശങ്കയുണ്ടെന്നും അതിനാൽ രണ്ടുവട്ടം ആലോചിച്ചിട്ടേ എന്തെങ്കിലും പറയൂ എന്നും അവർ പറഞ്ഞു. താൻ ഇടതിനേയോ വലതിനെയോ പിന്തുണക്കുന്നുവെന്ന് ആ ഇന്റർവ്യൂവിൽ പറഞ്ഞിട്ടില്ല. നിഷ്പക്ഷമായാണ് നിൽക്കുന്നെന്നും വ്യക്തമാക്കിയിരുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സായി പല്ലവി പറഞ്ഞു.