- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവമാറ്റ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം: തിരുവനന്തപുരം മെഡി. കോളേജിൽ രണ്ട് വിഭാഗത്തിലെ ഡോക്ടർമാർക്ക് സസ്‌പെൻഷൻ; നടപടി, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; മരണ കാരണം അറിയാൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ന്യൂറോളജിയിലേയും നെഫ്രോളജി വിഭാഗത്തിലെയും ചുമതല വഹിക്കുന്ന ഡോക്ടർമാർക്ക് സസ്‌പെൻഷൻ.
ശസ്ത്രക്രിയാ അനാസ്ഥയുമായി ബന്ധപ്പെട്ടാണ് രണ്ട് ഡോക്ടർമാർക്കെതിരേ നടപടി സ്വീകരിച്ചത്. യൂറോളജി, നെഫ്രോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. അന്വേഷണത്തിന് ശേഷമാണ് നടപടിയെന്നും സമഗ്രമായി അന്വേഷണം നടത്താൻ ഉത്തരവിട്ടതായും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഏകോപനത്തിൽ വീഴ്ച ഉണ്ടായോ എന്നും ഡോക്ടർമാർ അല്ലാത്തവർ കിഡ്‌നി ബോക്സ് എടുത്തതും പരിശോധിക്കും. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടി്‌നറെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി വിശദീകരിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടർന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചത്.
എന്നാൽ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാകുളത്തെ രാജഗിരി ആശുപത്രിയിൽനിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അറിയിച്ചിരുന്നു. വൈകിട്ട് 5.30ന് ആംബുലൻസ് പൊലീസ് സുരക്ഷയിൽ മെഡിക്കൽ കോളജിലെ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാൽ, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല.
തുടർന്ന് അവിടെയുണ്ടായിരുന്ന ആംബുലൻസ് ജീവനക്കാർ വൃക്ക സൂക്ഷിച്ചിരുന്ന പെട്ടിയുമായി റിസപ്ഷനിൽ എത്തിയെങ്കിലും എവിടെയാണ് എത്തിക്കേണ്ടതെന്നു നിർദേശിക്കാനും ആരുമുണ്ടായിരുന്നില്ല. പിന്നീട് ഓപ്പറേഷൻ തിയേറ്റർ മുകളിലാണെന്നു വിവരം ലഭിച്ചതിനെ തുടർന്നു വൃക്കയുമായി ഇവർ ലിഫ്റ്റിൽ മുകളിലെത്തി. ഓപ്പറേഷൻ തിയറ്റർ അടഞ്ഞു കിടന്നതിനാൽ കാത്തു നിൽക്കേണ്ടിവന്നു. പിന്നീട് ചില ജീവനക്കാരെത്തിയാണ് പെട്ടി വാങ്ങിയത്.
വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി ആശുപത്രി ജീവനക്കാർ ഏറ്റുവാങ്ങിയശേഷമാണ് വീഴ്ചയുണ്ടായതെന്നാണ് ആക്ഷേപം. വൈകിട്ട് അഞ്ചരയോടെ വൃക്ക എത്തിച്ചെങ്കിലും രാത്രി ഒൻപതിനു ശേഷമാണ് ശസ്ത്രക്രിയ നടന്നത്. വൃക്കപോലെയുള്ള നിർണായക അവയവങ്ങൾ മാറ്റിവെക്കുമ്പോൾ എത്രയും നേരത്തെ വെക്കാൻ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ അതിന് സാധിക്കും. എന്നാൽ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയമാണ് രോഗിക്ക് നഷ്ടമായത്.
എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷൻ നടക്കുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലർട്ട് നൽകിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
അതേസമയം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടർന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ അവയവവുമായി കളമശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കിൽ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താൻ.
മറുനാടന് മലയാളി ബ്യൂറോ