- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ വിദ്യാലയങ്ങളിൽ വേണ്ടത്ര പഠിപ്പിക്കുന്നില്ല; മതസൗഹാർദ്ദം നിലനിർത്താൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങണം എന്ന് മലപ്പുറത്തെ സൗഹൃദ സംഗമത്തിൽ പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ മലപ്പുറത്ത് വിളിച്ചുചേർത്ത സൗഹൃദ സംഗമത്തിൽ വിവിധ മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തു. നാട്ടിൽ സൗഹൃദവും സമാധാനവും നിലനിർത്താനുള്ള ദൗത്യം മുസ്ലിം ലീഗ് എന്നും തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിവിധ വിഭാഗങ്ങളെയും കൂട്ടായ്മകളെയും ഉൾപ്പെടുത്തിയുള്ള പൊതുവേദിയുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലയിലുള്ള പ്രമുഖരുമായി സംവദിക്കാൻ മലപ്പുറത്ത് വിളിച്ചുചേർത്ത സൗഹൃദ സംഗമത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങൾ. ജില്ലാ തലത്തിലാണ് ഇപ്പോൾ ഒത്തുചേർന്നത്. മണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ഇത്തരം കൂടിയിരിപ്പുകൾ വേണമെന്ന് പലരും ആവശ്യപ്പെട്ടു. താഴെത്തട്ടിലും സൗഹൃദ സംഗമം നടത്തും.
മതസൗഹാർദ്ദം നിലനിർത്താൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങണം. മതങ്ങൾ പഠിപ്പിക്കുന്ന മൂല്യങ്ങൾ വിദ്യാലയങ്ങളിൽ വേണ്ടത്ര പഠിപ്പിക്കുന്നില്ല. മൂല്യങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തണമെന്ന് സംഗമത്തിൽ പലരും ആവശ്യപ്പെട്ടു. നാടിന്റെ വളർച്ചക്കും വികസനത്തിനും സൗഹൃദാന്തരീക്ഷം അനിവാര്യമാണ്. സൗഹൃദ സംഗമത്തിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ക്യാമ്പയിൻ നടത്തും.
സമൂഹത്തിലുള്ള സ്പർധ മാറ്റാനാണ് 12 ജില്ലകളിൽ പൂർത്തിയായ സൗഹൃദ സംഗമത്തിലൂടെ ശ്രമിച്ചത്. നാട്ടിൽ അരുതായ്മകൾ ഉണ്ടാകുമ്പോൾ അതിനെ എതിർക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. സ്വന്തക്കാർ അരുതാത്തത് ചെയ്യുമ്പോൾ അപലപിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വർഗീയത. ആര് തെറ്റ് ചെയ്താലും മുഖവും കക്ഷി, രാഷ്ട്രീയവും നോക്കാതെ വിമർശിക്കുകയും ഒറ്റപ്പെടുത്തുകയും വേണമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷങ്ങളുടെ മാത്രം അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകളെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാറിന് ദുരുദ്ദേശമുണ്ടെന്നും സൈന്യത്തേയും കൈപ്പിടിയിലൊതുക്കാനാണ് ശ്രമമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി. കുറ്റപ്പെടുത്തി. സേനയുടെയും ലക്ഷക്കണക്കിന് യുവാക്കളുടെയും മനോവീര്യം തകർക്കുന്ന പദ്ധതി ദേശസ്‌നേഹികൾ ഒരുമിച്ചെതിർക്കണമെന്നും ഇ.ടി. പറഞ്ഞു. എംപിമാരായ ഡോ. എംപി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, എംഎൽഎമാരായ കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാർ, കെ.എൻ.എം വൈസ് പ്രസിഡന്റ് പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, ജമാഅത്തെ ഇസ്മാലി കേരള അമീർ എം.ഐ അബദുൽ അസീസ് മൗലവി, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ. പി.എം വാര്യർ, ഫാ. മാത്യൂസ് വട്ടിയാനക്കൽ, സയ്യിദ് മുഹമ്മദ് ജമലുലൈലി തങ്ങൾ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പാലൂർ ഉണ്ണികൃഷ്ണ പണിക്കർ, അഡ്വ. ഗോവിന്ദ് ചന്ദ്രാശേഖർ, ഫാ. സബാസ്റ്റ്യൻ ചാവുകണ്ടത്തിൽ, സി. ഹരിദാസ്, എ. നജീബ് മൗലവി, ഡോ. കെ.പി ഹുസൈൻ, പി.എം അബദുൽ ലത്തീഫ് മദനി, പ്രഫ. ഇ.കെ അഹമ്മദ് കൂട്ടി, ഡോ. കെ.എസ് മാധവൻ, ഡോ. ആസാദ്, സിറിയക് ജോൺ, ആർട്ടിസ്റ്റ് ദയാനന്ദൻ, പി.എം മനോജ് എമ്പ്രാന്തിരി, കടവനാട് മുഹമ്മദ്, ഡോ. സാമുവൽ കോശി, ജസ്ഫർ കോട്ടക്കുന്ന്, നീലകണഠൻ നമ്പൂതിരി, ഡോ. രാമദാസ്, ജി.കെ റാംമോഹൻ, ഡോ. പി ഉണ്ണിൻ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ശിഹാബ് പുക്കോട്ടുർ, ജി.സി കാരക്കൽ, ഒ.എം കരുവാരകുണ്ട്, മുരളീധരൻ മുല്ലമറ്റം, നിർമ്മാൺ മുഹമ്മദാലി, കെ.ഐ മുഹമ്മദ് അക്‌ബർ, ഉമർ ബാവ, പി.എം. ആർ അലവി ഹാജി, ഡോ. സയ്യിദ് മുഹമ്മദ്, ഹുസൈൻ കോയ തങ്ങൾ, സി.പി. മുഹമ്മദ് മൗലവി, എ.പി അനിൽ കുമാർ എംഎൽഎ, പി.ടി അജയ് മോഹൻ, വി എസ് ജോയ്, പുലാമന്തോൾ ശങ്കരൻ മൂസ്, തെയ്യാമ്പാട്ടിൽ ശറഫൂദ്ദീൻ പ്രസംഗിച്ചു.
മുസ്്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആമുഖ പ്രഭാഷണം നടത്തി. മുസ്്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, ഡോ. എംപി അബ്ദുസമദ് സമദാനി എംപി, ഡോ. എം.കെ മുനീർ എംഎൽഎ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ ലത്തിഫ് എംഎൽഎ സ്വാഗതവും സെക്രട്ടറി ഉമർ അറക്കൽ നന്ദിയും പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്