- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമാകുന്നു; കോർപ്പറേഷന്റെ മൾട്ടിലെവൽ പാർക്കിങ് സമുച്ചയം ഡിസംബറിൽ സജ്ജമാകും
കണ്ണൂർ: കണ്ണൂർ നഗരത്തെ സ്ഥിരം അലട്ടുന്നതാണ് പാർക്കിങ് പ്രശ്‌നം. നഗരത്തിൽ വാഹനവുമായി ഇറങ്ങുന്ന മിക്ക ആളുകളും പാർക്കിങ് സ്ഥലം കണ്ടെത്താതെ ബുദ്ധിമുട്ടുന്നത് പതിവാണ്. ഇത്തരത്തിൽ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ പർക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനുമായി കോർപറേഷൻ നിർമ്മിക്കുന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയമാണ് പണിയുന്നത്. ഡിസംബർ 30 നകം ഈ പാർക്കിങ് സമുച്ചയത്തിന്റെ പണി പൂർത്തിയാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
കണ്ണൂർ ടൗണിനോട് തന്നെ ചേർന്നുള്ള സ്റ്റേഡിയം കോർണറിലെ സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപത്തും ഫോർട്ട് റോഡിലെ പീതാംബര പാർക്കിലുമാണ് പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. ഒരിടവേളക്കുശേഷം മരാമത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. മെക്കാനിക്കൽ പ്രവൃത്തികൾ അടുത്തമാസം തുടങ്ങും. സ്റ്റേഡിയം കോർണറിലെ മരാമത്ത് പ്രവൃത്തി 70 ശതമാനം പൂർത്തിയായിട്ടുണ്ട്.
പാർക്കിങ് സൗകര്യം എന്നത് കണ്ണൂർ ടൗൺ പരിസരത്ത് വളരെ കുറവാണ്. രണ്ടുവർഷമായി തുടങ്ങിയ പ്രവൃത്തി നിലച്ചതോടെ കോർപറേഷൻ ഇടപെട്ട് കരാറുകാരുമായി ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് ഈ വർഷം അവസാനത്തോടെ പാർക്കിങ് കേന്ദ്രം തുറക്കാനാവുമെന്നറിയിച്ചത്. പുണെ ആസ്ഥാനമായ കമ്പനിക്കാണ് നിർമ്മാണ കരാർ.
പാർക്കിങ് കേന്ദ്രത്തിനായി പുണെയിൽനിന്ന് ആദ്യഘട്ട നിർമ്മാണ സാമഗ്രികൾ അടുത്തമാസം കണ്ണൂരിലെത്തിക്കും. റോഡ് മാർഗമാണ് എത്തിക്കുക. ക്രെയിൻ സഹായത്തോടെ ആദ്യഘട്ട യന്ത്രോപകരണങ്ങൾ സ്ഥാപിച്ചശേഷം അടുത്തത് എത്തിക്കും. സാധനങ്ങൾ ഒന്നിച്ച് എത്തിച്ചാൽ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാലാണ് ഘട്ടംഘട്ടമായി എത്തിക്കുന്നത്. യന്ത്രോപകരണങ്ങൾ സ്ഥാപിക്കാൻ ഒരുമാസം വേണമെന്നാണ് കരാറുകാർ നൽകുന്ന വിവരം. നേരത്തെ കരാറുകാരും ഉപകരാറുകാരും തമ്മിലുണ്ടായ തർക്കംമൂലം പ്രവൃത്തി മുടങ്ങിയത് കോർപറേഷൻ ഇടപെട്ട് പരിഹരിച്ചിരുന്നു. സാങ്കേതികാനുമതി വൈകിയതിനാലും അപ്രതീക്ഷിത മഴയിലുമാണ് പ്രവൃത്തി മുടങ്ങിയതെന്നാണ് കരാറുകാർ നൽകുന്ന വിവരം.
കണ്ണൂർ ജില്ലയിലെ പലസ്ഥലത്തും പാർട്ടി ഇപ്പോഴും കൃത്യമായ സൗകര്യമില്ല. തലശ്ശേരി,ഇരിട്ടി,മട്ടന്നൂർ, പയ്യന്നൂർ തളിപ്പറമ്പ് പോലുള്ള സ്ഥലത്ത് പാർക്കിങ് എന്നത് വളരെ ദുഷ്‌കരമാണ്. തലശ്ശേരി ടൗണിൽ പാർക്കിങ്ങിന് കൃത്യമായ സൗകര്യം ഇല്ലാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് ഫൈൻ അടിക്കുന്നത് തലശ്ശേരിയിലെ നിത്യകാഴ്ചയാണ്. തലശ്ശേരി, ഇരിട്ടി പോലുള്ള കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും പാർക്കിങ് സംവിധാനം കൂടുതൽ വേണം എന്ന് ജനങ്ങൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം കുറെയായി.
2020 ജനുവരിയിലാണ് അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപ ചെലവിൽ പാർക്കിങ് കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങിയത്. ആറുമാസത്തിനകം പാർക്കിങ് കേന്ദ്രം തുടങ്ങുമെന്നായിരുന്നു കോർപറേഷൻ ആദ്യം പ്രഖ്യാപിച്ചത്. കോവിഡ് തരംഗത്തിൽ ഏറക്കാലം നിർമ്മാണം നിലച്ചിരുന്നു. ഇതോടെ ഇരുമ്പു സാമഗ്രികളടക്കം തുരുമ്പെടുക്കുന്ന സ്ഥിതിയായിരുന്നു. പീതാംബര പാർക്കിൽ പ്രവൃത്തി മുടങ്ങിയത് കാൽനടക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പതിനഞ്ചോളം തൊഴിലാളികളാണ് ഇപ്പോൾ നിർമ്മാണത്തിലുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്