ഹൈദരാബാദ്: ടോളിവുഡ് താരം അക്കിനേനി നാഗ ചൈതന്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്. മോഡലും നടിയുമായ ശോഭിത ധൂലിപാലയുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി നാഗ ചൈതന്യ ഡേറ്റിംഗിലാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നത്. വൻ വിജയമായ മേജർ ചിത്രത്തിലെ നടിയായ ശോഭിത ധൂലിപാലയുമായി അടുത്തിടെയാണ് നാഗ ചൈതന്യ പരിചയപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

നേരത്തെ തെന്നിന്ത്യൻ സൂപ്പർ നടി സാമന്ത റൂത്ത് പ്രഭുവിനെ നാഗ ചൈതന്യ നേരത്തെ വിവാഹം കഴിച്ചിരുന്നു. 2017ൽ ഇരുവരും വിവാഹിതരായെങ്കിലും 2021ൽ വിവാഹമോചനം നേടി. മുൻ ഭാര്യയുമായി വേർപിരിഞ്ഞ് ഒരു വർഷത്തിന് ശേഷം നാഗ ചൈതന്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ട്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ നാഗ ചൈതന്യയുടെ നിർമ്മാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ നാഗ ചൈതന്യയും ശോഭിതയും അടുത്തിടെ കണ്ടുമുട്ടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കുറച്ചുനേരം ചെലവഴിച്ച ശേഷം ഇരുവരും ഒരേ കാറിൽ തിരിച്ചുപോയെന്നാണ് റിപ്പോർട്ട്.

'മേജർ' ന്റെ പ്രൊമോഷനുകൾക്കിടയിൽ ഇരുവരും ഒരു ഹോട്ടലിൽ വച്ച് ഒന്നിലധികം തവണ കണ്ടുമുട്ടിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇവർ തമ്മിൽ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങൾ ഒന്നും പുറത്തുവന്നില്ലെങ്കിലും ഗോസിപ്പ് വാർത്തകളെ ഇരുവരുമായി അടുത്ത വൃത്തങ്ങൾ ഇതുവരെ നിഷേധിച്ചിട്ടില്ല.

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ വലിയ വാർത്തയായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹവും വേർപിരിയലും. 2021 ഒക്ടോബറിൽ ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചു. തങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവർ സോഷ്യൽ മീഡിയയിൽ സംയുക്ത പ്രസ്താവന പങ്കിട്ടു. ഇവരുടെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. 2010-ൽ 'യേ മായാ ചെസാവേ' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇവർ കണ്ടുമുട്ടിയത്, പതുക്കെ പതുക്കെ ഇരുവരും സംസാരിക്കാൻ തുടങ്ങി, ഒടുവിൽ പ്രണയത്തിലായി. കുറച്ച് വർഷങ്ങൾക്ക് ശേഷം, ദമ്പതികൾ 2017-ൽ വിവാഹിതരായി. എന്നാൽ നാല് വർഷത്തിനിപ്പുറം വേർപിരിഞ്ഞു.

ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ശോഭിത ധൂലിപാല. മോഡൽ കൂടിയായ ഇവർ 2016ലെ രാമൻ രാഘവൻ 2.0 യിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. 2019 മൂത്തോനിലൂടെ മലയാളത്തിൽ അരങ്ങേറി. ഈ വർഷം പുറത്തിറങ്ങിയ കുറുപ്പാണ് ശോഭിതയെ മലയാളത്തിൽ പരിചിതയാക്കിയത്. തെലുങ്ക് ചിത്രമായ മേജറിലും പ്രധാന റോളിലാണ് ശോഭിത.