ന്യൂഡൽഹി: പ്രതിപക്ഷ നിരയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയുടെ പേര് നിർദ്ദേശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. എന്നാൽ യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കണമെന്ന് കോൺഗ്രസും ഇടതു പാർട്ടികളും ഉപാധി മുന്നോട്ട് വച്ചു.

സ്ഥാനാർത്ഥിയായി പ്രതിപക്ഷ കക്ഷികൾ ശരത് പാവാറിനെ മുന്നോട്ട് വച്ചെങ്കിലും മത്സരിക്കാനില്ലെന്നാണ് അദ്ദേഹം നിലപാടെടുത്തത്. പിന്നീട് ഫറൂഖ് അബ്ദുള്ളയും ഒഴിഞ്ഞു മാറി. പ്രതിപക്ഷത്തെ നീക്കം പിന്നീട് ഗോപാൽകൃഷ്ണ ഗാന്ധിയിലേക്ക് ചുരുങ്ങി. ശരദ് പവാറും മല്ലികാർജ്ജുന ഖർഗെയും ശരദ് പവാറുമായി സംസാരിച്ചു.

സമവായം ഉണ്ടെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഗോപാൽകൃഷ്ണ ഗാന്ധി അറിയിച്ചു. തെറ്റി നില്ക്കുന്ന ടിആർഎസ്, ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായി പവാർ സംസാരിച്ചു. പിന്തുണയ്ക്കില്ലെന്ന സൂചനയാണ് ഈ പാർട്ടികൾ നൽകിയത്. ഈ സാഹചര്യത്തിലാണ് ഗോപാൽകൃഷ്ണ ഗാന്ധി മത്സരിക്കാനില്ല എന്നറിയിച്ച് പ്രസ്താവനയിറക്കിയത്.

തന്നെ പരിഗണിച്ചതിന് നന്ദി. എന്നാൽ പ്രതിപക്ഷ ഐക്യത്തോടൊപ്പം ഇക്കാര്യത്തിൽ ദേശീയ സമവായവും വേണം. മറ്റൊരാളുടെ പേരെങ്കിൽ ഇതുണ്ടാകും. അതിനാൽ മത്സരിക്കാനില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

പുതിയ പേരുകൾ വന്നിട്ടില്ലെന്ന് നേതാക്കൾ പറയുന്നു നാളെ രണ്ടരയ്ക്കാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരുന്നത്. പവാർ വിളിച്ച് യോഗത്തിൽ തന്നെ ക്ഷണിക്കാതെ പാർട്ടിക്ക് ക്ഷണം നല്കിയതിനാൽ മമത ബാനർജി പങ്കെടുക്കില്ല.

രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പ്രതിപക്ഷത്തു കാണുന്ന ഈ ആശയക്കുഴപ്പവും അനൈക്യവും സർക്കാരിന് നേട്ടമാകുകയാണ്. എൻഡിഎ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നു. യോഗ ദിന ആഘോഷങ്ങൾക്കു ശേഷം ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കാനാണ് സാധ്യത.