- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിലിപ്പീൻസ് യുവതി സേലത്തിനുസമീപം ട്രെയിനിൽനിന്ന് വീണുമരിച്ചു; മലയാളിയായ കാമുകൻ കസ്റ്റഡിയിൽ
ചെന്നൈ: സേലത്തിനുസമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നുവീണ് ഫിലിപ്പീൻസ് യുവതി മരിച്ചു. സോഫ്റ്റ്‌വെയർ എൻജിനീയർ മനില സ്വദേശിനി റെയ്ച്ചലാണ് (35) മരിച്ചത്. മലയാളിയായ കാമുകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഹെർബൽ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി ഹാരിസാണ് (48) കസ്റ്റഡിയിലുള്ളത്.
പൊലീസ് പറയുന്നത് ഇങ്ങനെ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഇരുവരും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. 10 ദിവസം മുമ്പാണ് റെയ്ച്ചൽ ഹാരിസിനെ കാണാൻ ഫിലിപ്പീൻസിൽനിന്ന് ബംഗളൂരുവിലെത്തിയത്. തുടർന്ന് ഇരുവരും രജിസ്റ്റർ വിവാഹംചെയ്ത് ബംഗളൂരുവിൽ താമസിക്കവേയാണ് ഹാരിസിന്റെ എറണാകുളത്തെ വീട്ടിൽ പോകാൻ റെയ്ച്ചൽ നിർബന്ധം ചെലുത്തിയത്. തുടർന്നാണ് ഇരുവരും തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവിൽനിന്ന് സേലം വഴി എറണാകുളത്തേക്ക് ഇന്റർസിറ്റി എക്സ്‌പ്രസ് ട്രെയിനിൽ യാത്ര പുറപ്പെട്ടത്.
രാത്രി ട്രെയിൻ ഓമല്ലൂരിനടുത്ത കരുവള്ളി റെയിൽവേ സ്റ്റേഷൻ കടന്നുപോകവേയാണ് പൊടുന്നനെ റെയ്ച്ചൽ ട്രെയിനിൽനിന്ന് 50 അടി താഴ്ചയുള്ള കൊക്കയിലേക്കുവീണത്. അടുത്ത സ്റ്റോപ്പായ ഓമല്ലൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഹാരിസ് സംഭവസ്ഥലത്ത് എത്തിയപ്പോഴാണ് റെയ്ച്ചൽ മരിച്ച വിവരമറിഞ്ഞത്. പിന്നീട് പൊലീസ് റെയ്ച്ചലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സേലം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റെയ്ച്ചലിന്റെ മരണവിവരം ചെന്നൈ, ഡൽഹി എംബസികൾ മുഖേന ബന്ധുക്കളെ അറിയിച്ചതായും പൊലീസ് പറഞ്ഞു.




