- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം മകളെ പോലെ നോക്കി വളർത്തിയവളുടെ വിവാഹത്തിന് മുണ്ടും ഷർട്ടുമണിഞ്ഞ് പള്ളീലച്ചൻ; ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ അച്ഛന്റെ സ്ഥാനത്ത് നിന്നും കൈപിടിച്ചു നൽകി ഫാ. ജോർജ് കണ്ണംപ്ലാക്കൽ
ഒല്ലൂർ: സ്വന്തം മകളെ പോലെ നോക്കി വളർത്തിയവളുടെ വിവാഹത്തിന് മുണ്ടും ഷർട്ടുമണിഞ്ഞ് പള്ളീലച്ചൻ അമ്പലത്തിലെത്തി. ആരൊരുമില്ലാത്ത ഹരിതയെ അച്ഛന്റെ സ്ഥാനത്ത് നിന്നും വരന് കൈപിടിച്ചു നൽകുകയും ചെയ്തു. മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിലാണ് മതസൗഹാർദത്തിന്റെ നേർക്കാഴ്ചയായ ഈ വിവാഹം നടന്നത്. ചെന്നായ്‌പ്പാറ ദിവ്യഹൃദയാശ്രമത്തിൽ രണ്ടുവയസ്സുള്ളപ്പോൾ എത്തിച്ചേർന്ന ഹരിതയെ വരൻ ശിവദാസിന് കൈ പിടിച്ച് നൽകാനായിരുന്നു ളോഹ അൽപനേരം അഴിച്ചുവെച്ച് കവസവുമുണ്ടും ഷർട്ടും ധരിച്ച് കണ്ണംപ്ലാക്കൽ അച്ചനെത്തിയത്.
ചെന്നായ്‌പ്പാറ ദിവ്യഹൃദയാശ്രമത്തിൽ രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായിത്തന്നെ വളർന്നു. മികച്ച രീതിയിൽ പഠിച്ച് ജോലിയും കരസ്ഥമാക്കി.ഹരിതയുടെ യു.പി. സ്‌കൂൾ പഠനം മാളയിലെ ഒരു കോൺവെന്റ് സ്‌കൂളിലായിരുന്നു. ഇതേ സ്‌കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്. പിന്നീട് ഇവർ തമ്മിൽ കണ്ടത് വിവാഹപ്പുടവ നൽകാൻ വെള്ളിയാഴ്ച ആശ്രമത്തിലെത്തിയപ്പോഴാണ്. കുറച്ചുനാൾമുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവർ നടത്തിയ ഓൺലൈൻ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടതും വിവാഹാലോചനയിലേക്ക് എത്തിയതും.
യു.എ.ഇ.യിൽ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദിൽ നഴ്‌സാണ്. വാട്‌സാപ്പ് കൂട്ടായ്മയിലൂടെയുണ്ടായ സൗഹൃദം വിവാഹാലോചനയിലെത്തി. ശിവദാസിന്റെ വീട്ടുകാർ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദർ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തിൽ മറ്റ് അന്തേവാസികൾക്കൊപ്പം വരന്റെ വീട്ടുകാർക്കും നാട്ടുകാർക്കും സദ്യയും നൽകി. ശേഷം വൈകീട്ട് ആശ്രമത്തിൽനിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്തമാസം ശിവദാസ് ദുബായിലേക്കു പോകുമ്പോൾ ഒപ്പം ഹരിതയുമുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ