ഭുവനേശ്വർ : ഒഡീഷയിലെ പ്രശസ്ത ടെലിവിഷൻ താരം രശ്മിരേഖ ഓജയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ജഗത്സിങ്പൂർ ജില്ലയിലെ നയപള്ളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ജൂൺ 18നാണ് 23 കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയുടെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തിന് മരണത്തിൽ പങ്കുണ്ടെന്നും രശ്മിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് അറിയിച്ചു.

രശ്മിയുടെ ഒപ്പം താമസിച്ചിരുന്ന കാമുകൻ സന്തോഷ് പത്രയ്ക്ക് മകളുടെ മരണത്തിൽ പങ്കുണ്ടെന്നാണ് പിതാവ് ആരോപിക്കുന്നത്. മകളുടെ മരണവിവരം സന്തോഷ് പത്രയാണ് തങ്ങളെ അറിയിച്ചത്. ശനിയാഴ്ച മകളെ ഫോണിൽ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്നും പിതാവ് പറഞ്ഞു. സന്തോഷും രശ്മിയും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്നതായി വീട്ടുടമസ്ഥനിൽ നിന്നാണ് അറിഞ്ഞതെന്നും അതിന് മുൻപ് അതേക്കുറിച്ച് തങ്ങൾക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും നടിയുടെ പിതാവ് പറഞ്ഞു.

രശ്മിരേഖ ഓജയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീട്ടിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ നിന്നുമുള്ള വിവരങ്ങൾ ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.