ന്യൂ സൗത്ത് വെയിൽസിലെ രക്ഷിതാക്കൾ ജൂൺ 30 വ്യാഴാഴ്ച കുട്ടികളെ വീട്ടിൽ തന്നെ നിർത്തേണ്ടി വന്നേക്കാം, കാരണം പബ്ലിക്, കാത്തലിക് സ്‌കൂൾ അദ്ധ്യാപകർ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. മതിയായ വേതനത്തിനും ജോലിഭാരം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന ബജറ്റ് പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. യൂണിയൻവേതന വർദ്ധനയ്ക്ക് വേണ്ടിയുള്ള ആഹ്വാനങ്ങൾക്കിടയിലും പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ശതമാനം ശമ്പള വർദ്ധനവ് മാത്രമാണ് ലഭിച്ചത്. ഇതാണ് പ്രതിഷേധത്തിന് കാരണം.
ഇതാദ്യമായാണ് പബ്ലിക് കത്തോലിക്കാ അദ്ധ്യാപക സംഘടനകൾ ഒന്നിച്ച് വ്യാവസായിക നടപടി സ്വീകരിക്കുന്നത്.ഇൻഡിപെൻഡന്റ് എജ്യുക്കേഷൻ യൂണിയനും (IEU) NSW ടീച്ചേഴ്സ് ഫെഡറേഷനും ആണ് സമരത്തിൽ പങ്കെടുക്കുക.

24 മണിക്കൂർ പണിമുടക്കിൽ NSW-ലെ 2300 പബ്ലിക് സ്‌കൂളുകളിൽ നിന്നും 560 കത്തോലിക്കാ സ്‌കൂളുകളിൽ നിന്നുമുള്ള 85,000-ലധികം അദ്ധ്യാപകരും സപ്പോർട്ട് സ്റ്റാഫും പങ്കെടുക്കും.സിഡ്നിയിലെ മക്വാരി സെന്റ്, കൂടാതെ NSW, ACT എന്നിവയിലുടനീളമുള്ള പ്രാദേശിക സ്ഥലങ്ങളിലും അദ്ധ്യാപകർ റാലി നടത്തും.