മസ്‌കത്ത് : അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വദേശികളെയും വിദേശികളെയും പ്രാപ്തമാക്കുന്ന ഇലക്‌ട്രോണിക് ആപ്ലിക്കേഷനുമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി (സി.ഡി.എ.എ). ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളിലേക്ക് ഒറ്റ ക്ലിക്കിലൂടെ ആംബുലൻസ് (എസ്.ഒ.എസ്) ലഭ്യമാക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചത്. സംസാരിക്കാൻ കഴിയാത്തവരെയും കേൾവി വൈകല്യമുള്ള ആളുകളെയുമാണ് ഇത് ലക്ഷ്യമിടുന്നത്.

അപകടങ്ങൾ, പരിക്കുകൾ, നാശനഷ്ടങ്ങൾ, കെട്ടിടങ്ങളുടെയും മറ്റും തകർച്ച, തീപിടിത്തങ്ങൾ, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. ഏറ്റവും അടുത്തുള്ള സിവിൽ ഡിഫൻസ്, ആംബുലൻസ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഒരു ഇന്ററാക്ടിവ് മാപ്പും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ മേഖലകളിൽ സുൽത്താനേറ്റ് സാക്ഷ്യംവഹിച്ച ഡിജിറ്റൽ വികസനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി ആപ് പുറത്തിറക്കിയത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താനും മികച്ച സേവനം നൽകാനുമാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.