മനാമ:ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ സ്‌കൂൾ ബഹ്റൈനിൽ (ഐഎസ്ബി) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. 'ഒരു സൂര്യൻ, ഒരു ഭൂമി' എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്ന 'ദി ഗാർഡിയൻ റിങ്' ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

ഈ വർഷത്തെ 'യോഗ ഫോർ ഹ്യൂമാനിറ്റി' എന്ന പ്രമേയത്തിന് അനുസൃതമായി, ഈസാ ടൗണിലെ ജഷന്മാൽ ഓഡിറ്റോറിയത്തിൽ യോഗ ദിനം ആഘോഷിക്കാൻ വിദ്യാർത്ഥികൾ ഒത്തുചേർന്നു.

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് ലക്ഷ്യമാക്കിയുള്ള ജീവിതരീതിയാണ് യോഗയെന്ന് അംബാസഡർ പറഞ്ഞു. എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗാ ദിനാചരണത്തിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനും , കായിക അദ്ധ്യാപകരും 250 ഓളം വിദ്യാർത്ഥികളും പങ്കെടുത്തു.

ശരീരത്തിനും മനസ്സിനും സുഖം പകരാൻ സഹായിക്കുന്ന വിവിധ യോഗസ്സനങ്ങൾ അവതരിപ്പിച്ചു. സ്‌കൂൾ കായിക അദ്ധ്യാപകൻ ആർ ചിന്നസാമി വിവിധ യോഗസ്സനങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു.യോഗസ്സനങ്ങൾ സ്ഥിരതയോടെ പരിശീലിച്ചാൽ കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു.

വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകർന്നു നൽകണമെന്നു സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ, കുട്ടികളുടെ മനസ്സ് ശാന്തമാക്കാനും സമഗ്രമായി വളരാനും യോഗയിലൂടെ സാധിക്കുമെന്നു പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.