ഹൂസ്റ്റൺ: 2020 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് റിപ്പബ്ലിക്കൻ സംസ്ഥാന കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തീരുമാനത്തിന് പൂർണ പിന്തുണ നൽകുന്നതായി പ്രമേയത്തിൽ തുടർന്ന് ചൂണ്ടിക്കാണിക്കുന്നു. 2020 ലെ തെരഞ്ഞെടുപ്പിൽ അമേരിക്കൻ ജനത ജോ ബൈഡനെ തെരഞ്ഞെടുത്തതായി സർട്ടിഫൈ ചെയ്തതു തള്ളികളയുന്നവെന്നും ഹൂസ്റ്റണിൽ വാരാന്ത്യം നടന്ന സംസ്ഥാന റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.

പ്രമേയത്തിന്റെ കരടുരേഖ തയാറാക്കുന്നതിന് നേതൃത്വം നൽകിയ പ്ലാറ്റ്‌ഫോം കമ്മിറ്റി അംഗം ബ്രയാൻ ബോഡിൽ ജനുവരി ആറിലെ കലാപത്തിൽ പങ്കെടുത്തവരുടെ ഭരണഘടനാ മൗലീകാവകാശങ്ങൾ ലംഘിക്കപ്പെട്ടതായി രേഖപ്പെടുത്തിയെങ്കിലും, അന്നു നടന്ന സംഭവങ്ങൾ 'ഇൻഡറക്ഷൻ' ആണെന്ന് ചേർക്കണമെന്നാവശ്യം സമ്മേളനത്തിൽ പങ്കെടുത്തവർ തള്ളിക്കളഞ്ഞു. ഈ ഭേദഗതി നിയമവിധേയമല്ലെന്ന് കമ്മിറ്റിചെയർമാൻ മാറ്റ് റിനാൽഡി റൂളിങ് നൽകുകയും സമ്മേളനത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് റൂളിങ് നൽകുകയും ചെയ്തു.

ട്രംപിന് ശക്തമായ പിന്തുണ നൽകുന്ന ടെക്‌സസ് സംസ്ഥാനത്ത് റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവന്നതിൽ അതിശയോക്തിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അടുത്ത ദിവസങ്ങളിൽ ഈ പ്രമേയം അമേരിക്കയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.