- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ അവസാനിക്കുമോ ? ഓമിക്രോൻ വകഭേദത്തെ നേരിടാൻ കഴിയുന്ന മൊഡേണയുടെ പുതിയ വാക്സിൻ എടുത്താൽ പിന്നെ ആവർത്തിക്കേണ്ടി വന്നേക്കില്ല; എട്ടിരട്ടി പ്രതിരോധ ശേഷിയെന്ന് പറയുമ്പോഴും പുത്തൻ വകഭേദങ്ങൾക്ക് മതിയാവുമോ?
കോവിഡിനെ തുരത്തുന്ന കാര്യത്തിൽ ഒരുപടി കൂടി മുൻപോട്ട് പോയതായി വാക്സിൻ നിർമ്മാതാക്കളായ മൊഡേണ അവകാശപ്പെടുന്നു. ഓമിക്രോൺ വകഭേദത്തെ പ്രത്യേകമായി പ്രതിരോധിക്കാൻ കഴിവുള്ള വാക്സിൻ നിർമ്മിച്ചു എന്നാണ് മൊഡേണ പറയുന്നത്. 800 പേരിൽ പരീക്ഷിച്ച ഈ വാക്സിന് ഓമിക്രോൺ വകഭേദത്തെ ചെറുക്കാൻ സാധാരണ വാക്സിനേക്കാൾ എട്ടിരട്ടി ക്ഷമതയുണ്ടേന്ന് തെളിഞ്ഞു എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഇപ്പോൾ ബ്രിട്ടനടക്കം പല രാജ്യങ്ങളിലും വ്യാപകമായി കൊണ്ടിരിക്കുന്ന ഓമിക്രോണിന്റെ ഉപ വകഭേദങ്ങളായ ബി എ 4, ബി. എ 5 എന്നിവയ്-ക്കെതിരെ കാര്യമായ തോതിൽ ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നതിൽ വിജയിച്ചില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം ഈ പുതിയ വാക്സിൻ കൂടുതൽ നീണ്ടകാലത്തേക്ക്, കൂടുതൽ കാര്യക്ഷമമായി കോവിഡിനെതിരെ പ്രതിരോധം തീർക്കും എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബൂസ്റ്റർ ഡോസുകൾ എടുക്കേണ്ട ആവശ്യം വരില്ല. ബ്രിട്ടനിൽ കോവിഡ് വ്യാപനം ശക്തമായതോടെ നാലാമത്തെ ഡോസ്എടുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചതിനിടയിലാണ് ഈ പുതിയ വാക്സിൻ നിർമ്മിച്ച വാർത്ത പുറത്തുവരുന്നത്.
മൊഡേണയുടെ പുതിയ വാക്സിൻ ഓമിക്രോണിനേയും വുഹാനിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസിനേയും ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. അതേസമയം ഇപ്പോൾ നിലവിലുള്ള വാക്സിനുകളിലെല്ലാം വുഹാനിലെ ആദ്യ വൈറസിനെതിരെയുള്ള ജനിതക കോഡുകൾ മാത്രമാണുള്ളത്. പുതിയ വാക്സിൻ കൂടുതൽ ശക്തവും അതേസമയം ശക്തിയേറിയ ആന്റിബോഡി പ്രതികരണം നൽകുന്നതും നീണ്ടനാൾ നിലനിൽക്കുന്നതുമാണെന്ന് കമ്പനിയുടെ മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൻ പറായുന്നു.
എന്നാൽ, ഇപ്പോൾ ഓമിക്രോണിന്റെ നിരവധി ഉപ വകഭേദങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു. അതേസമയം, പുതിയ വകഭേദങ്ങൾ പഴയവെ പൂർണ്ണമായും ഇല്ലാതെയാക്കുമെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നില്ല. കൂടെക്കൂടെ പുതിയ ഓമിക്രോൺ വകഭേദങ്ങൾ ഉയർന്ന് വന്ന് രോഗവ്യാപനം ശക്തിപ്പെടുത്തുന്ന ഒരു രീതിയായിരിക്കും ഇനിയുണ്ടാവുക എന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു. അടുത്തിടെ നടന്ന ഒരു പരീക്ഷണത്തിൽ പുതിയ വാക്സിൻ ആന്റിബോഡികളുടെ എണ്ണം പഴയ വാക്സിനേതിനേക്കാൾ 5.4 മടങ്ങായി വർദ്ധിപ്പിച്ചു എന്നാണ് കണ്ടെത്തിയത്. എന്നാൽ ഈ നിരീക്ഷണം മറ്റൊരു സ്വതന്ത്ര ബോഡി പുനർനിർണ്ണയം നടത്തിയിട്ടില്ല.
യു കെ ഉൾപ്പടെ പല രാജ്യങ്ങളിലും മറ്റൊരു കോവിഡ് തരംഗത്തിനു വരെ സാധ്യതയുണ്ടെന്ന വിധത്തിൽ രോഗവ്യാപനം ശക്തമായതിനു പിന്നിൽ ഓമിക്രോണിന്റെ പുതിയ രണ്ട് ഉപ വകഭേദങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ് ക്രിസ്ത്മസ് കാലത്ത് കളം അടക്കി വാണത് ഓമിക്രോൺ ആയിരുന്നെങ്കിൽ, വസന്തകാലമായപ്പോഴേക്കും ഉപ വകഭേദമായ ബി എ 2 അത് ഏറ്റെടുത്തു. പിന്നെയാണ് ഇപ്പോഴുള്ള ബി എ 4 ഉം ബി. എ. 5 ഉം വ്യാപിക്കാൻ തുടങ്ങിയത്.
ദിവസങ്ങൾക്കകം തന്നെ പുതിയ വാക്സിന് അനുമതിക്കുള്ള അപേക്ഷ സമർപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇരുമുഖ ശക്തിയുള്ള വാക്സിനാണിത്. കൊറോണയുടെ വുഹാനിലെ ആദ്യ വകഭേദത്തേയും ഓമിക്രോൺ വകഭേദത്തേയും ഒരുപോലെ ചെറുക്കാൻ ഇതിനാകും. അനുമതി ഇനിയും ലഭിക്കേണ്ടതുണ്ടെങ്കിലും, വ്യാവസായികാടിസ്ഥാനത്തിൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ അനുമതി ലഭിച്ചാൽ ഉടൻ ഇത് വിപണിയിലെത്തിക്കാൻ കഴിയൂം.
ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബി എ 4, ബി എ 5 വകഭേദങ്ങളെ ചെറുക്കുവാനും പുതിയ വാക്സിൻ കാര്യക്ഷമമാണെന്നാണ് മനസ്സിലാക്കുന്നതെന്ന് കിങ്സ് കോളേജ് ലണ്ടനിലെ ഫാർമസ്യുട്ടിക്കൽ വിദഗ്ധ പ്രൊഫസർ പെന്ന്യ് വാർഡ് പറഞ്ഞു. എന്നാൽ, വലിയ അളവിൽ ഇത് സംരംക്ഷണമ്മ് ഉറപ്പാക്കുമോ എന്ന കാര്യം വരും മാസങ്ങളിൽ മാത്രമേ അറിയാനാവൂ എന്നും അവർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ