- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മരുന്നിനും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മറ്റൊരു ലൈംഗിക രോഗം കൂടി; ഗൊണേറിയയുടെ ഭീകരരൂപം പിടിപെട്ടത് കംബോഡിയൻ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഓസ്ട്രിയൻ യുവാവിന്; ജാഗ്രതയോടെ ലോകം
നല്ല രാശിയുള്ള കാലാണ് കൊറോണയുടെത്. ഈ ഭൂമുഖത്ത് കാലെടുത്തു വച്ചതിൽ പിന്നെ മനുഷ്യന്റെ ജീവിതവും സമാധാനവും തകർന്നു എന്ന് മാത്രമല്ല മറ്റ് ഒട്ടനവധി രോഗങ്ങളും ഒന്നിനു പുറകെ ഒന്നായി ഒഴുകിയെത്തുകയാണ്. കുരങ്ങു പനിയും, ദുരൂഹമായ ഹെപ്പറ്റൈറ്റിസും എല്ലാം താണ്ഡവമാടുന്ന ലോകത്തേക്ക് മറ്റൊരു ഭീകരൻ കൂടി എത്തിയിരിക്കുന്നു, സൂപ്പർ ഗൊണോറിയ. ഇതുവരെ ആധുനിക ശാസ്ത്രം കണ്ടെത്തിയ ഒരു മരുന്നിനും ഒരുചികിത്സാവിധിക്കും ഭേദമാക്കാൻ പറ്റാത്തതാണ് ഈ ലൈംഗിക രോഗം.
ഇക്കഴിഞ്ഞ ഏപ്രിലിൽ കമ്പോഡിയയിൽ വെച്ച് ഒരു പ്രാദേശിക ലൈംഗിക തൊഴിലാളിയുമായി സുരക്ഷിതമല്ലാത്ത രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 50 വയസ്സിലധികം പ്രായമുള്ള ഒരു ഓസ്ട്രിയക്കാരനിലാണ് ഇപ്പോൾ ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. തിരികെ വീട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞപ്പോഴാണ് അയാൾക്ക് മൂത്ര വിസർജ്ജനം ചെയ്യുന്ന സമയത്ത് നീറ്റൽ അനുഭവപ്പെടുകയും ലിംഗാഗ്രത്തിൽ നിന്നും ഒരു സ്രവം വരുന്നതായി കാണപ്പെടുകയുംചെയ്തത്.
തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾക്ക് ഗൊണോറിയ ആണെന്ന് വ്യക്തമാവുകയും സാധാരണ അതിനു നൽകുന്ന ആന്റിബയോട്ടിക്കുകൾ നൽകുകയും ചെയ്തു. മരുന്നുകൾ കഴിച്ചതോടെ അയാളുടെ രോഗ ലക്ഷണങ്ങൾ മാറിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിലും അയാൾ പോസിറ്റീവ് ആണെന്നായിരുന്നു കണ്ടെത്തിയത്. സാങ്കേതികമായി പറഞ്ഞാൽ, ചികിത്സ പരാജയമായിരുന്നു എന്ന് ചുരുക്കം.
ഇതിന്റെ രോഗകാരി, മരുന്നുകൾക്കെതിരെ പ്രതിരോധ ശേഷിയുള്ള ഒന്നാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് വ്യാപിക്കാൻ ഇടയായാൽ, വലിയൊരു ദുരന്തമായിരിക്കും ലോകത്തെ കാത്തിരിക്കുക എന്നും അവർ പറയുന്നു. കാരണം, ഇത് പിടിപെട്ടാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല എന്നതുതന്നെ. ഗൊണോറിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയയ്ക്കെതിരെ ഒരു പുതിയ മരുന്നോ അല്ലെങ്കിൽ ഇതിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിനോ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.
ഓസ്ട്രിയൻ പൗരന് രോഗം പകർന്ന് നൽകിയ കംബോഡിയൻ ലൈംഗിക തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. അതിനർത്ഥം ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കാം എന്നു തന്നെയാണ്. ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ലൈംഗിക രോഗമാണ് ഗൊണോറിയ. ബ്രിട്ടനിൽ പ്രതിവർഷം 60,000 പേരെ ഇത് ബാധിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിൽ ഓരോ വർഷവും 6,80,000 ഗൊണോറിയ രോഗികൾ ഉണ്ടാകുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ലൈംഗികാവയവങ്ങളിൽ നിന്നും, സാന്ദ്രതയേറിയ പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള ഒരു സ്രവം പുറത്തുവരുന്നതാണ് പ്രധാന ലക്ഷണം. അതുകൂടാതെ മൂത്ര വിസർജ്ജനം നടത്തുമ്പോൾ വേദനയും എരിച്ചിലും ഉണ്ടാകും. ചികിത്സിച്ചില്ലെങ്കിൽ ഒരു പക്ഷെ സ്ഥിരമായ വന്ധ്യതയ്ക്കും മരണത്തിനും വരെ കാരണമായേക്കാവുന്ന ഒരു രോഗമാണിത്. ഗർഭിണികൾക്കാണ് ഇത് ബാധിക്കുന്നതെങ്കിൽ ഗർഭസ്ഥ ശിശുവിന് സ്ഥിരമായ അന്ധതയ്ക്കും കാരണമാകും.
സാധാരണ രീതിയിൽ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു രോഗമാണിത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ സൂപ്പർ ഗോണോറിയയ്ക്ക് നിലവിലുള്ള മരുന്നുകൾ ഒന്നും തന്നെ ഫലപ്രദമാകുന്നില്ല എന്നതാണ് വാസ്തവം. ഇതുകൂടി ആയതോടെ ആന്റിബയോട്ടിക്കുകൾക്കൊപ്പമുള്ളതായിരിക്കും മനുഷ്യന്റെ ഭാവി ജീവിതം എന്ന് ശാസ്ത്രലോകം ആശങ്കപ്പെടുകയാണ്. ഒന്നിനു പുറകേ ഒന്നായി പുതിയ രോഗങ്ങൾ മനുഷ്യരെ തേടിയെത്തുമ്പോൾ, ഔഷധ സഞ്ചി മനുഷ്യന്റെ ഒരു അവിഭാജ്യ ഘടകമായി മാറുമോ എന്ന് കാത്തിരുന്ന് കാണാം
മറുനാടന് മലയാളി ബ്യൂറോ